മൂന്നാം സീറ്റ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ലീഗ്; ആവശ്യം ന്യായമായത്: ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തില്‍ അവസാന നിമിഷവും നിലപാട് കടുപ്പിച്ച് ലീഗ്. ആവശ്യപ്പെടുന്നത് ന്യായമായ കാര്യമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയിലും ലീഗ് വിട്ടുവീഴ്ച്ച ചെയ്യില്ല. വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇ ടി പ്രതികരിച്ചു.

വിഷയത്തില്‍ പരിഹാരത്തിന് കോണ്‍ഗ്രസും- മുസ്ലിം ലീഗും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി യോഗം ഇന്ന് എറണാകുളത്ത് നടക്കും. കോണ്‍ഗ്രസില്‍ നിന്ന് കെ സുധാകരന്‍, വി ഡി സതീശന്‍, എം എം ഹസന്‍ എന്നിവരും ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, എം കെ മുനീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഒന്നുകില്‍ മൂന്നാം സീറ്റ്, അല്ലങ്കില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് എന്നീ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. ഇത് രണ്ടുമല്ലാതെ ഒരു ഒത്ത് തീര്‍പ്പും ഇല്ലെന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍ രണ്ട് ആവശ്യങ്ങള്‍ക്കും വഴങ്ങാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളും പറയുന്നത്. അങ്ങനെയെങ്കില്‍ ഇന്നത്തെ ചര്‍ച്ച പ്രതിസന്ധിയിലാകും.

ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. സീറ്റ് ഇല്ലങ്കില്‍ എന്ത് എന്ന ചര്‍ച്ചയിലേക്ക് ഇപ്പോള്‍ കടക്കുന്നത് അഭംഗിയാണ്. ഒറ്റക്ക് മല്‍സരിക്കുന്ന തീരുമാനത്തിലേക്ക് പോയിട്ടില്ല. അതൊക്കെ പിന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നുമാണ് ഇടി പറഞ്ഞു.മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. ലീഗ് നിലപാട് മാറ്റില്ല. ന്യായമായ കാര്യമാണ് ലീഗ് ആവശ്യപ്പെട്ടത്. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പറഞ്ഞ ഇ ടി രാജ്യസഭാ സീറ്റ് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

Top