വീൽചെയര്‍ ഭീഷണി: മുഈൻ അലിക്ക് ലീഗ് പിന്തുണ; നടപടി വേഗത്തിൽ ആക്കണമെന്ന് പിഎംഎ സലാം

മലപ്പുറം: വീൽചെയര്‍ ഭീഷണി വിവാദത്തിൽ പാണക്കാട് മുഈൻ അലി തങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗും രംഗത്ത്. പൊലീസ് നടപടി വേഗത്തിൽ ആക്കണം എന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭീഷണി പെടുത്തിയ വ്യക്തിയെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

പാണക്കാട് മുഈനലി തങ്ങൾക്കെതിരെയുളള ഭീഷണിയിൽ പോലീസ് നടപടി വേഗത്തിലാക്കണം. കുറ്റവാളിക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണം. ഭീഷണിപ്പെടുത്തിയ വ്യക്തിയെ അച്ചടക്കം ലംഘിച്ചതിന് പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. നിലവിൽ ഈ വ്യക്തിക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ലീഗിന്റെ നിലപാട് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ പറയുന്നതാണ്. മുഈനലി തങ്ങൾക്കൊപ്പം പാർട്ടിയുണ്ട്.

യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമാണ് മുഈന്‍ അലി ശിഹാബ് തങ്ങൾ. വെളളിയാഴ്ചയാണ് മുഈന്‍ അലി തങ്ങളുടെ ഫോണിലേക്ക് ഭീഷണിയും മുന്നറിയിപ്പുമായി രണ്ട് ശബ്ദ സന്ദേശങ്ങളെത്തിയത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ആദ്യ ശബ്ദസന്ദേശത്തില്‍ സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വില്‍ ചെയറില്‍ പോകേണ്ടി വരുമെന്ന ഭീഷണിയാണുളളത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുളള രണ്ടാമത്തെ സന്ദേശമാകട്ടെ കൃത്യമായ വധഭീഷണിയാണ് നല്‍കുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കാട്ടി മുഈന്‍ അലി തങ്ങള്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കി. മുഈന്‍ അലി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റാഫിക്കെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തു.

2021 ഓഗസ്റ്റില്‍ ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രിക ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്കെതിരെ റാഫി പുതിയ കടവില്‍ ലീഗ് ഹൗസില്‍ വച്ചു തന്നെ പ്രതിഷേധിച്ചിരുന്നു. തങ്ങളെ അസഭ്യം പറയുകയും ചെയ്തിരുന്നു. നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് പരസ്യ വിമര്‍ശനങ്ങള്‍ കാര്യമായി നടത്താതിരുന്ന മുഈന്‍ അലി തങ്ങൾ, അടുത്ത കാലത്തായി സമസ്തയിലെ ലീഗ് വിരുദ്ധരുമായും ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടവരുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ഏറ്റവുമൊടുവില്‍, എംഎസ്എഫ് മലപ്പുറത്ത് നടത്തിയ ചടങ്ങിനിടെ പാണക്കാട് കുടുംബത്തിന്‍റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തോട് പരിഹാസ രൂപേണ പ്രതികരിച്ചതാകാം മുഈനലിക്കിതിരെ കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച അനുയായിയായ ഷാഫിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

Top