കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; ഇടതുപക്ഷ പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി ചെയര്‍പേഴ്‌സണ്‍ ആയി

മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി. ലീഗിന് ഭൂരിപക്ഷമുള്ള നഗരസഭയില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥിയെ ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞെടുത്തു. എല്‍ഡിഎഫ് പിന്തുണച്ച ലീഗ് കൗണ്‍സിലര്‍ മുഹ്‌സിന പൂവന്‍മഠത്തില്‍ ആണ് പുതിയ ചെയര്‍പേഴ്‌സണ്‍. നഗരസഭാധ്യക്ഷയായിരുന്ന ലീഗിന്റെ ബുഷ്റ ഷബീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

13 നെതിരെ 15 വോട്ടുകള്‍ക്കായിരുന്നു മുഹ്‌സിന പൂവന്‍മഠത്തിലിന്റെ വിജയം. ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഡോ ഹനീഷ പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്ന് കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ രാജി വെച്ചിരുന്നു. പ്രാദേശിക നേതൃത്വവുമായുള്ള തര്‍ക്കമാണ് രാജിക്ക് കാരണം.

പാര്‍ട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി വെച്ചതെന്ന് ബുഷ്‌റ ഷബീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പാര്‍ട്ടി മാറി നില്‍ക്കാന്‍ പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. രാജിയെന്ന ധാരണയൊന്നും പാര്‍ട്ടി നേരത്തെ പറഞ്ഞതല്ല. മാനസിക പ്രയാസമുണ്ടാക്കുന്ന അധിക്ഷേപ പ്രചാരണം തനിക്കെതിരെ ഉണ്ടായതായും ബുഷ്‌റ പറഞ്ഞു.

Top