ലെജന്‍ഡ്‌സ് ലീഗ്: ഗുജറാത്ത് ജയന്റ്സിൽ ഗെയ്‌ലും

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്‌ലും. യൂണിവേഴ്‌സ് ബോസ് ഗുജറാത്ത് ജയന്റ്സിനായാണ് കളിക്കുക. ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററായി പരിഗണിക്കപ്പെടുന്ന ഓപ്പണറാണ് ഗെയ്‌ല്‍.

വീരേന്ദര്‍ സെവാഗ് നയിക്കുന്ന ഗുജറാത്ത് ജയന്റ്സ് ടീമില്‍ ക്രിസ് ഗെയ്‌ലിന് പുറമെ പാര്‍ഥീവ് പട്ടേല്‍, റിച്ചാര്‍ഡ് ലെവി, ഗ്രേം സ്വാന്‍, ജൊഗീന്ദര്‍ ശര്‍മ്മ, അശോക് ദിണ്ട, ഡാനിയേല്‍ വെട്ടോറി, കെവിന്‍ ഒബ്രിയാന്‍, സ്റ്റുവര്‍ട്ട് ബിന്നി, ലെന്‍ഡി സിമ്മന്‍സ്, മന്‍വീന്ദര്‍ ബിസ്‌ല, അജന്ത മെന്‍ഡിസ്, ക്രിസ് ട്രെംലെറ്റ്, എല്‍ട്ടന്‍ ചികുംമ്പുര, മിച്ചല്‍ മക്‌ലെനാഗന്‍ തുടങ്ങിയ താരങ്ങളുണ്ട്. അദാനി ഗ്രൂപ്പാണ് ഗുജറാത്ത് ജയന്റ്സ് ഉടമകള്‍. മൂന്ന് ദിവസമാണ് ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ സ്വന്തമാക്കാനുള്ള സമയപരിധി.

ഇന്ത്യയാണ് ഇക്കുറി ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന് വേദിയാവുന്നത്. പ്രഥമ സീസണില്‍ ഒമാനായിരുന്നു വേദി. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 16 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ നടക്കുന്ന മത്സരങ്ങളില്‍ നാല് ടീമുകളാണ് മാറ്റുരയ്‌ക്കുക. ഭീല്‍വാര കിംഗ്‌സ്, മണിപ്പാല്‍ ടൈഗേഴ്‌സ്, ഇന്ത്യാ ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ് എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. കൊല്‍ക്കത്ത, ലഖ്നൗ, ന്യൂഡല്‍ഹി, കട്ടക്ക്, ജോഥ്പൂര്‍ എന്നീ വേദികളിലായാണ് മത്സരങ്ങള്‍. പ്ലേ ഓഫിന്‍റെയും ഫൈനലിന്റെയും വേദികള്‍ തീരുമാനിച്ചിട്ടില്ല.

സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ വിഖ്യത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് പ്രദര്‍ശന മത്സരത്തോടെയാണ് രണ്ടാം എഡിഷന് തുടക്കമാകുന്നത്. തൊട്ടടുത്ത ദിവസാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുക.

Top