ലീഗ് എം.എൽ.എമാരെ ഞെട്ടിച്ചത്, പൊന്നാനിയിലെ ഇടതുപക്ഷ മുന്നേറ്റം !

ലപ്പുറത്ത് ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് പൊന്നാനി. ഈ മണ്ഡലം എങ്ങനെയെങ്കിലും പിടിച്ചെടുക്കുക എന്നത് യു.ഡി.എഫിന്റെ വലിയ സ്വപ്നമാണ്. ഇവിടെ മൂന്നാമതും അങ്കത്തിനിറങ്ങാന്‍ സാധ്യതയുള്ള പി.ശ്രീരാമകൃഷ്ണനെ മുസ്ലിംലീഗും കോണ്‍ഗ്രസ്സും ടാര്‍ഗറ്റ് ചെയ്തതും വ്യക്തമായ കണക്ക് കൂട്ടലിലാണ്. ചെങ്കൊടി വിരോധത്താല്‍ ഇത്തവണ ഒരു വിഭാഗം ബി.ജെ.പി വോട്ടും യു.ഡി.എഫ് നേത്യത്വം പ്രതീക്ഷിക്കുന്നുണ്ട്. ഇടതു വിരുദ്ധ പൊതു സ്ഥാനാര്‍ത്ഥി എന്ന നിര്‍ദ്ദേശമാണ് മുസ്ലീംലീഗ് കോണ്‍ഗ്രസ്സിന് മുന്നില്‍ വച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ ലീഗിനും നോട്ടമുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. പ്രതിപക്ഷത്തിന്റെ ഈ കണക്ക് കൂട്ടലുകളാണ് പൊന്നാനിയില്‍ ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

പുറത്ത് വന്ന എല്ലാ കണക്കുകളും യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ക്ക് എതിരാണ്. രണ്ട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും മാത്രം ഭരണമുണ്ടായിരുന്ന ഇടതുപക്ഷം ഇത്തവണ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിന്റെയും ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. മാറഞ്ചേരി, വെളിയങ്കോട്, പെരിമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലാണ് മിന്നും ജയം ഇടതുപക്ഷം കരസ്ഥമാക്കിയത്. മണ്ഡലാടിസ്ഥാനത്തിലെ കണക്ക് പ്രകാരം 13,748 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിനുള്ളത്. സംസ്ഥാനത്താകെ യു.ഡി.എഫ് തകര്‍ന്നടിഞ്ഞപ്പോഴും മലപ്പുറം മാത്രമാണ് അവര്‍ക്ക് അഭയമായിരുന്നത്.

എന്നാല്‍ ജില്ലയിലെ ലീഗ് മേധാവിത്വത്തിന് പൊന്നാനി ഇത്തവണയും വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ ആരോപണമാണ് തിരിച്ചടിച്ചതെന്ന വിലയിരുത്തലും യു.ഡി.എഫില്‍ ശക്തമാണ്. ജില്ലയിലെ മറ്റിടങ്ങളില്‍ ജമാ അത്തെ ഇസ്ലാമി ബന്ധം ഗുണം ചെയ്തപ്പോള്‍ പൊന്നാനിയില്‍ അതും തിരിച്ചടിക്കുകയാണുണ്ടായത്. ശ്രീരാമകൃഷ്ണനെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്ത് മുന്നോട്ട് പോയിട്ട് ഒരു കാര്യവുമില്ലെന്നും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കണമെന്നുമാണ് മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളും ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ്സ് മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ ലീഗിനും നോട്ടമുണ്ട്. മണ്ഡലം പിടിച്ചെടുക്കാന്‍ ലീഗ് മത്സരിക്കണമെന്ന നിര്‍ദേശമാണ് യൂത്ത് ലീഗ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ എന്നിവരുടെ പേരുകളാണ് യൂത്ത് ലീഗിലെ ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും മണ്ഡലം ലീഗിന് വിട്ടു കൊടുക്കില്ലന്നും കോണ്‍ഗ്രസ്സ് തന്നെ മത്സരിക്കുമെന്നുമാണ് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി തന്നെ മത്സരരംഗത്തിറങ്ങുന്നത് ഇടതുപക്ഷത്തിനാണ് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുക. കാല്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ നേടുമെന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദം.

പിണറായി സര്‍ക്കാറിന്റെ വികസന പദ്ധതികളും ക്ഷേമ പദ്ധതികളും നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് സി.പി.എം നേതൃത്വം അവകാശപ്പെടുന്നത്. അതേസമയം ‘അഴിമതിക്കെതിരെ ഒര ുവോട്ട്’ എന്ന മുദ്രാവാക്യം മാറ്റി പിടിക്കണമെന്ന നിര്‍ദ്ദേശമാണ് ലീഗിനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഈ മുദ്രാവാക്യം ശരിക്കും കൊണ്ടത് മുസ്ലിംലീഗിന് തന്നെയാണ്. അഴിമതിയുടെ പേരില്‍ അഴിയെണ്ണുന്ന ലീഗ് എംഎല്‍എമാരായ എം സി ഖമറുദ്ദീന്റെയും വി കെ ഇബ്രാഹിംകുഞ്ഞിന്റെയും മണ്ഡലങ്ങളില്‍ കനത്ത തോല്‍വിയാണുണ്ടായിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റും വിജിലന്‍സും കയറിയിറങ്ങുന്ന കെ എം ഷാജി എംഎല്‍എയുടെ അഴീക്കോടും വലിയ തിരിച്ചടി തന്നെയാണുണ്ടായത്. എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലുള്ള പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ നാട്ടിലും ഞെട്ടിക്കുന്ന പരാജയമാണ് ലീഗ് ഏറ്റുവാങ്ങിയിരിക്കുന്നത്.

മഞ്ചേശ്വരം എം.എല്‍.എ എം സി ഖമറുദ്ദീന്റെ കാസര്‍കോട്ട് ശക്തികേന്ദ്രങ്ങളായ ഉദുമ, ബദിയഡുക്ക, മഞ്ചേശ്വരം പഞ്ചായത്തുകളെല്ലാം യു.ഡി.എഫിന് നഷ്ടമായി. മീഞ്ച, വോര്‍ക്കാടി , കുമ്പള, കുമ്പഡാജെ, മൂളിയാര്‍, ചെമ്മനാട്, പള്ളിക്കര, ചെങ്കള എന്നിവിടങ്ങളിലെല്ലാം ഖമറുദ്ദീന്‍ എഫക്ട് കാര്യമായി ബാധിച്ചു. ജില്ലാ പഞ്ചായത്തില്‍ ചെങ്കള ഡിവിഷനിലും യു.ഡി.എഫ് പരാജയപ്പെടുകയുണ്ടായി. കെ.എം ഷാജി എം.എല്‍.എയുടെ അഴിക്കോട് മണ്ഡലത്തില്‍ ലീഗും യുഡിഎഫും ചരിത്രത്തിലില്ലാത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് ഇക്കുറി 6,500 വോട്ടിന്റെ ലീഡുണ്ട്. കെ.എം ഷാജിയുടെ ചങ്കിടിപ്പിക്കുന്ന ലീഡാണിത്.

ഇബ്രാഹിം കുഞ്ഞിന്റെ എറണാകുളത്ത് 112 സീറ്റില്‍ മത്സരിച്ച ലീഗിന് മൂന്നിലൊന്ന് പോലും നേടാനായിട്ടില്ല. ജില്ലാ പഞ്ചായത്തിലും സമ്പൂര്‍ണ പരാജയം. ഇബ്രാഹിംകുഞ്ഞിനൊപ്പം വിജലന്‍സ് ചോദ്യം ചെയ്ത വി.കെ അബ്ദുള്‍ അസീസടക്കമുള്ളവരാണ് തോറ്റത്. ഇബ്രാഹിം കുഞ്ഞിന്റെ കളമശേരി നിയമസഭാ മണ്ഡലത്തിലും ഭൂരിപക്ഷം ഇത്തവണ ഇടതുപക്ഷത്തിനാണ്.

എം കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എട്ടു നിലയിലാണ് ലീഗ് പൊട്ടിയിരിക്കുന്നത്. ഈ മണ്ഡലത്തില്‍ ഒമ്പതിനായിരത്തിലധികം വോട്ടിന്റെ മേല്‍ക്കൈ ആണ് ഇടതുപക്ഷത്തിനുള്ളത്. ലീഗ് നേതൃത്വത്തെ ഞെട്ടിച്ച കണക്കുകളാണിത്. ഇപ്പോഴത്തെ കണക്ക് പ്രകാരം നിയമസഭ തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലാണ് ഇടതുപക്ഷത്തിന് മേധാവിത്വമുള്ളത്. പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്ക് പ്രതീക്ഷ നല്‍കുന്നതും ഈ കണക്കുകള്‍ തന്നെയാണ്.

Top