ലീഗ് ലേബര്‍ സൊസൈറ്റി ബി.ജെ.പിക്ക്; സഹകരണ കച്ചവടത്തില്‍ അന്വേഷണം

കോഴിക്കോട്: മുസ്ലിം ലീഗ് നിയന്ത്രണത്തിലുണ്ടായിരുന്ന പെരുമുഖം ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണം ബി.ജെ.പിക്ക് വില്‍പ്പന നടത്തിയതായുള്ള പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണമാരംഭിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുടെ നാട്ടിലാണ് ലീഗ് – ബി.ജെ.പി സഹകരണ കച്ചവടം നടന്നത്. എട്ടു വര്‍ഷമായി ലീഗ് ഭരണത്തിലുണ്ടായിരുന്ന ലേബര്‍ സൊസൈറ്റി മാര്‍ച്ചിലാണ് ബി.ജെ.പി സ്വന്തമാക്കിയത്. ലീഗ് നേതാവ് എ. അബ്ദുല്‍റഹീം പ്രസിഡന്റായിരുന്ന സംഘമാണിത്. തെരഞ്ഞെടുപ്പ് നടത്താതെ സംഘം അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് കീഴിലാക്കിയായിരുന്നു കച്ചവടം.

50 ബി.ജെ.പിക്കാരെ അംഗങ്ങളാക്കിയാണ് കൈമാറ്റത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് അംഗങ്ങളുടെ കൂടെ വോട്ടു നേടിയാണ് മുന്‍ കൗണ്‍സിലറായിരുന്ന ബി.ജെ.പി നേതാവ് പി. ഷാജിദ് പ്രസിഡന്റായത്. സംഘത്തിന്റെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കരുവന്‍തിരുത്തി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ബജീറ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിലാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്.

ബാങ്ക് ഭരണം ബി.ജെ.പിക്ക് കൈമാറുന്നതില്‍ അഡ്മിനിസ്ട്രേറ്റര്‍ ഇടനിലക്കാരനായോ എന്നതും പരിശോധിക്കുന്നുണ്ട്. കോലീബി സഖ്യത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രസിദ്ധമായ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബി.ജെ.പിക്ക് വില്‍പന നടത്തിയെന്ന പരാതി യു.ഡി.എഫ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ലീഗ് പ്രാദേശിക നേതൃത്വം ഇത് സംബന്ധിച്ച് പരാതിയുമായി ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ സമീപിച്ചിട്ടുണ്ട്.

 

Top