ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ല; അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ച് കുഞ്ഞാലിക്കുട്ടി

കൊച്ചി: ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ലെന്ന് മുസ്ലിം ലീഗ്. അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിലേക്കു വരണോയെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥാനങ്ങള്‍ ഇല്ലെങ്കിലും സ്വസ്ഥത ഉണ്ടാകുമെന്നും വന്നവര്‍ അത് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗം സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യോഗത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് സംഭവം. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തുറന്നു കാട്ടുന്നതായിരുന്നു യോഗത്തിലെ സംഭവ വികാസങ്ങള്‍.

അതേസമയം കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഐഎന്‍എല്‍ നേതാക്കള്‍ യോഗം ചേരുകയും തെരുവില്‍ തമ്മില്‍ തല്ലുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുക്കും. നേതൃയോഗത്തില്‍ പങ്കെടുത്ത തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ഒഴിവാക്കി കേസെടുക്കാനാണ് നീക്കം.

കൊവിഡ് മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ചതിന് ഐഎന്‍എല്‍ സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ മന്ത്രിയടക്കം യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയെല്ലാം എതിരെ കേസെടുക്കുമോ എന്ന് വ്യക്തമല്ല. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് വിശദീകരണം. മന്ത്രി അഹമദ് ദേവര്‍കോവില്‍ ഐഎന്‍എല്ലിന്റെ നേതൃപട്ടികയിലില്ലെന്നാണ് വിവരം.

 

Top