League Candidate: DFY former leader Syam Sundar -C K Subair- P M Sadiq ali

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ 4 ന് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചേക്കും.

നിലവിലെ 24 സീറ്റിന് പുറമെ ഒരു സീറ്റുകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. അങ്ങനെ ലഭിക്കുകയാണെങ്കില്‍ അത് തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തായിരിക്കും.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ. സുബൈറിര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന.

സിപിഎമ്മും കോണ്‍ഗ്രസ്സും സിപിഐയുമെല്ലാം യുവജന സംഘടനാ ഭാരവാഹികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ലീഗും യുവജന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നത്.

സാദിഖ് അലിക്ക് ലീഗ് ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ തന്നെ നറുക്ക് വീണേക്കും. അതല്ലെങ്കില്‍ പിന്നെയുള്ള സാധ്യത ഗുരുവായൂരാണ്.

സി.കെ.സുബൈറിനെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്. ഡിവൈഎഫ്‌ഐയില്‍ നിന്ന് മുസ്ലീം ലീഗില്‍ ചേര്‍ന്ന ശ്യാംസുന്ദറിനെ കൊല്ലം ജില്ലയില്‍ നിന്ന് മത്സരിപ്പിക്കാനും നീക്കമുണ്ട്. ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് ശ്യാം സുന്ദര്‍.

നിലവില്‍ ലീഗ് മത്സരിച്ചുകൊണ്ടിരിക്കുന്ന ഇരവിപുരത്ത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായ സിറ്റിംഗ് എംഎല്‍എ എ.എ അസീസ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നതിനാല്‍ പകരം കരുനാഗപ്പള്ളി ലഭിക്കുമെന്നാണ് ലീഗിന്റെ പ്രതീക്ഷ.

അധികമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാമനപുരത്ത് മുന്‍മന്ത്രി പി.കെ. ബാവയ്ക്ക് വേണ്ടിയാണ് സമ്മര്‍ദ്ദം.

വനിതാ പ്രതിനിധിയായി ഖമറുന്നീസ അന്‍വര്‍, അഡ്വ.കെ.പി മറിയുമ്മ, നൂര്‍ബിന റഷീദ്, കുത്സു ടീച്ചര്‍, എന്നിവരില്‍ നിന്ന് ആരെയെങ്കിലുമായിരിക്കും പരിഗണിക്കപ്പെടുക.

Top