മൻസൂർ കൊലക്കേസ് പ്രതി രതീഷിന്റേത് ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു

കണ്ണൂർ:  പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ രണ്ട് മാസം മുൻപ്  കൊല ചെയ്യപ്പെട്ടിരുന്നു. പിന്നീട് പ്രതിയായ രതീഷും മരണപ്പെട്ടു. രതീഷിന്റെ മരണം ആത്മഹത്യ തന്നെയെന്ന്  പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രതീഷിന്റെ മരണം ആത്മഹത്യ ആണെന്ന നിഗമനത്തിൽ പൊലീസ് എത്തി ചേർന്നത് . രതീഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന പാടുകൾ മൻസൂർ കൊല്ലപ്പെട്ട ദിവസത്തേതു തന്നെയാണെന്നും പൊലീസ് പറയുന്നു.

തൂങ്ങി മരിച്ച നിലയിലാണ് രതീഷിനെ കണ്ടെത്തിയത്. രതീഷ് മരിച്ചിട്ട് രണ്ടു മാസം കഴിയുമ്പോഴാണ് രതീഷിന്റെ മരണം സംബന്ധിച്ച് പൊലീസ് അന്തിമ നിഗമനത്തിലെത്തുന്നത്. സാഹചര്യ തെളിവുകളും കൂട്ടു പ്രതികളും രതീഷിന്റെ സുഹൃത്തുക്കളും നൽകിയ വിവരങ്ങളും ഇതിന്റെ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. സൈബർ സെല്ലും ഫോറൻസിക് വിദഗ്ദരും ശേഖരിച്ച വിവരങ്ങളും കേസിൽ നിർണ്ണായകമായി.

മൻസൂർ കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിനമാണ് രതീഷിനെ വളയത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരൻ അടക്കമുള്ളവർ ആരോപണം ഉന്നയിച്ചിരുന്നു. രതീഷിന്റെ ശരീരത്തിലെ പരിക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.

Top