‘സമരാഗ്‌നി’ ക്കൊരുങ്ങി കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധിയും സച്ചിന്‍ പൈലറ്റും പങ്കെടുക്കും

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്‌നിയില്‍ നവകേരള സദസ്സ് മാതൃകയാക്കി പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം. അവശ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സര്‍ക്കാര്‍ അവഗണിച്ചവരെ കേള്‍ക്കുമെന്നും നേതൃത്വം അറിയിച്ചു. തൊഴിലാളി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും.

സമരാഗ്‌നിയില്‍ ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധിയും സച്ചിന്‍ പൈലറ്റും പങ്കെടുക്കും. രേവന്ത് റെഡി, സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ തുടങ്ങിയവരും സമരാഗ്‌നിയുടെ ഭാഗമാകും. ഫെബ്രുവരി 9 ന് കാസര്‍കോട് ജാഥയ്ക്ക് തുടക്കം കുറിക്കും. കെ സി വേണുഗോപാല്‍ സമരാഗ്‌നി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനങ്ങളില്‍ പതിനായിരങ്ങളെ അണിനിരത്താന്‍ ആണ് തീരുമാനം. ജില്ലാതലങ്ങളില്‍ സംഘാടക സമിതി രൂപീകരണം ഇന്നു മുതല്‍ തുടങ്ങും.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നാണ് ‘സമരാഗ്‌നി’ സംസ്ഥാന ജാഥ നയിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്രയുണ്ടാകില്ല. മൂന്നോ നാലോ മണ്ഡലങ്ങള്‍ക്ക് ഒരു പരിപാടി എന്ന നിലയ്ക്ക് ജാഥ സംഘടിപ്പിക്കാനാണ് തീരുമാനം. 32 പൊതുസമ്മേളനങ്ങള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. എല്ലാദിവസവും രാവിലെ വാര്‍ത്താ സമ്മേളനം ഉണ്ടാകും. 16 ദിവസം നീളുന്ന സമരാഗ്‌നി പര്യടനം 27 ന് തലസ്ഥാനത്ത് അവസാനിക്കും.

Top