മത്സരിച്ചേ പറ്റൂ എന്ന് നേതൃത്വം: നിർബന്ധമെങ്കിൽ ഗുരുവായൂർ നോക്കാമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ  മണ്ഡലം തെരഞ്ഞെടുക്കുന്ന കാര്യത്തിലും, മത്സരിക്കണോ എന്ന കാര്യത്തിലും സുരേഷ് ഗോപിയും ബിജെപി കേന്ദ്രനേതൃത്വവും രണ്ട് തട്ടിൽ. മത്സരിച്ചേ പറ്റൂ, അതും എപ്ലസ് മണ്ഡലങ്ങളിൽത്തന്നെയെന്നാണ് കേന്ദ്രനേതൃത്വം സുരേഷ് ഗോപിയോട് പറയുന്നത്.

എന്നാൽ അത്ര നിർബന്ധമെങ്കിൽ ഗുരുവായൂരിൽ നിന്ന് മത്സരിക്കാമെന്ന് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. വട്ടിയൂർക്കാവ്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി പാർട്ടി മാറ്റിവച്ചിരിക്കുന്നത്. ജോഷിയുടെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന്‍റെ തിരക്കിലാണെന്ന കാരണം പറഞ്ഞ് മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് സുരേഷ് ഗോപി.

അഞ്ച് എ പ്ലസ് സീറ്റുകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ശോഭാ സുരേന്ദ്രനും സ്ഥാനാർത്ഥിയാകാനിടയുണ്ടെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.കോന്നി, കഴക്കൂട്ടം അല്ലെങ്കിൽ മ‍ഞ്ചേശ്വരം എന്നിവിടങ്ങളിലൊന്നിലാകും കെ. സുരേന്ദ്രൻ ഇറങ്ങുക.

Top