വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് വാങ്ങി മുങ്ങുന്ന നേതാക്കള്‍ക്ക് തിരിച്ചടി കിട്ടും: നിതിന്‍ ഗഡ്കരി

gadkari

ന്യൂഡല്‍ഹി: വോട്ടു നേടാനായി ജനങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും അതികാരത്തിലെത്തിയ ശേഷം അവ സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി ബി ജെ പി നേതാവ് നിതിന്‍ ഗഡ്കരി. നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

‘വാഗ്ദാനങ്ങള്‍ പാലിക്കുന്നവരെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതേ നേതാക്കാള്‍ വാഗ്ദാന ലംഘനം നടത്തിയാല്‍, ജനം പ്രഹരിക്കും. അതിനാല്‍ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്കു നല്‍കാവൂ. സ്വപ്നങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാന്‍. 100 ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂ’ മുംബൈയില്‍ മാധ്യമങ്ങളോടു ഗഡ്കരി വ്യക്തമാക്കി.

ഗഡ്കരിയുടെ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് എ ഐ എം ഐ എം നേതാവ് അസാദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്ന കുറിപ്പോടെയാണ് ഒവൈസിയുടെ ട്വീറ്റ്. സര്‍, നിതിന്‍ ഗഡ്കരി താങ്കളെ കണ്ണാടി കാണിച്ചു തരുന്നു, അതും വളരെ സൂക്ഷ്മമായി എന്നായിരുന്നു ട്വീറ്റ്.

Top