ടി.വി രാജേഷിന് പിഴച്ചില്ല, കൈ പിടിച്ച് ഉയര്‍ത്തിയവര്‍ ചുവപ്പിന്റെ അഭിമാനം

മുന്‍ എസ്.എഫ്.ഐ നേതാക്കളാല്‍ സമ്പന്നമാണ് രണ്ടാം പിണറായി സര്‍ക്കാര്‍.എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ.എന്‍ ബാലഗോപാല്‍ എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിമാരായ പി രാജീവ്, എം.ബി രാജേഷ്, സംസ്ഥാന ജോ സെക്രട്ടറിയായിരുന്ന മുഹമ്മദ് റിയാസ് എന്നിവര്‍ മന്ത്രിമാരാണെങ്കില്‍ എസ്.എഫ്.ഐ യുടെ മറ്റൊരു സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എന്‍ ഷംസീര്‍ സ്പീക്കറായാണ്  സഭ നിയന്ത്രിക്കാന്‍ പോകുന്നത്.

ഇവര്‍ക്കു പുറമെ, മന്ത്രിമാരായ വി.ശിവന്‍കുട്ടി, വി.എന്‍ വാസവന്‍, ആര്‍.ബിന്ദു, കെ.രാധാകൃഷ്ണന്‍ എന്നിവരും എസ്.എഫ്.ഐയിലൂടെയാണ് സി.പി.എമ്മില്‍ എത്തിയിരിക്കുന്നത്. ഇതില്‍, കെ.എന്‍.ബാലഗോപാല്‍ , പി.രാജീവ്, എം.ബി രാജേഷ്, മുഹമ്മദ് റിയാസ്, എ.എന്‍ ഷംസീര്‍ എന്നിവര്‍ ഒരേ കാലഘട്ടത്തില്‍  എസ്.എഫ്.ഐ യുടെ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ചവരാണ്. ഇവരെ പോലെ മന്ത്രിസഭയില്‍ ഇരിക്കേണ്ടിയിരുന്ന മറ്റൊരു യുവനേതാവ് എം.സ്വരാജാണ്. തൃപ്പൂണിത്തുറയില്‍ നിന്നും വിജയിച്ചിരുന്നു എങ്കില്‍, തീര്‍ച്ചയായും എം.സ്വരാജും മന്ത്രിയാകുമായിരുന്നു. ചുണ്ടിനും കപ്പിനും ഇടയിലാണ് തൃപ്പൂണിത്തുറ സ്വരാജിനെ കൈവിട്ടിരിക്കുന്നത്. കേവലം 992 വോട്ടിനായിരുന്നു തോല്‍വി.

സി.പി.എം അണികളെ ഇന്ന് ഏറെ ആവേശം കൊള്ളിക്കുന്ന രണ്ടു യുവനേതാക്കളാണ് സ്വരാജും എ.എന്‍ ഷംസീറും ഇവരെ അതിന് പ്രാപ്തരാക്കി അവസരം നല്‍കിയതാകട്ടെ  ടി.വി രാജേഷ് എന്ന കമ്യൂണിസ്റ്റുമാണ്. ടി.വി രാജേഷ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ പല സീനിയര്‍ നേതാക്കളെയും മറികടന്നാണ്  എം സ്വരാജിനെ നേതൃത്വത്തില്‍ ഉയര്‍ത്തി കൊണ്ടുവന്നിരുന്നത്. ഷംസീറിന് അവസരം നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതും ടി.വി രാജേഷ് തന്നെയാണ്. അതിന് അദ്ദേഹത്തിന് സഹായകരമായത്  പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും ഉണ്ടായിരുന്ന അടുത്ത ബന്ധമായിരുന്നു. സി.പി.എമ്മില്‍ വിഭാഗീയത ശക്തമായ കാലത്ത് ആദ്യം എസ്.എഫ്.ഐയുടെയും പിന്നീട് ഡി.വൈ.എഫ്.ഐയുടെയും  സംസ്ഥാന സെക്രട്ടറിയായിരുന്നു ടി.വി രാജേഷ്. സംഘടനയെ ഔദ്യോഗിക നേതൃത്വത്തോട് അടുപ്പിച്ച് നിര്‍ത്താന്‍ തന്ത്രപരമായ പല നീക്കങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാനുള്ള മെയ് വഴക്കമാണ് ടി.വി രാജേഷ് പ്രകടിപ്പിച്ചിരുന്നത്. സ്വരാജ്, ഷംസീര്‍ തുടങ്ങിയവരെ നേതൃനിരയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടതും ഇതിന്റെ ഭാഗമാണ്. തുടര്‍ന്ന്, സംഘടനാ രംഗത്തും സമരമുഖത്തും സ്വരാജും ഷംസീറും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരുന്നത്.

സി.പി.എമ്മിനെ പോലെ  ശക്തമായ കേഡര്‍ സംവിധാനം പിന്തുടരുന്ന ഒരു പാര്‍ട്ടിയിലും  അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളിലും  നേതൃസ്ഥാനത്ത് എത്തുക എന്നു പറഞ്ഞാല്‍ അതൊരിക്കലും ചെറിയ കാര്യമല്ല. അവിടെയാണ് ടി.വി രാജേഷിന്റെ ഇടപെടലിന്റെ പ്രസക്തിയും വര്‍ദ്ധിക്കുന്നത്.

ചുവപ്പിന്റെ സംഘടനാ രീതിവച്ച് ‘വ്യക്തി’ ഒരു ഘടകമല്ലങ്കിലും ‘ഘടകമാകുന്ന’ എത്രയോ സന്ദര്‍ഭങ്ങള്‍ ‘അണിയറയില്‍’ ഉണ്ടാകാറുണ്ട്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്. സി.പി.എം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ചതു കൊണ്ടാണ്  ടി.വി രാജേഷിനും എം.സ്വരാജിനും ഷംസീറിനുമെല്ലാം  നിയമസഭയില്‍ എത്താന്‍ കഴിഞ്ഞിരിക്കുന്നത്. രണ്ട് ടേം പൂര്‍ത്തിയായതിനാല്‍ ടി.വി രാജേഷ് ഇത്തവണ മത്സരിച്ചിട്ടില്ല. സ്വരാജാകട്ടെ രണ്ടാം അങ്കത്തില്‍ തൃപ്പൂണിത്തുറയില്‍ പരാജയപ്പെടുകയും ചെയ്തു. ഈ കൂട്ടത്തില്‍ ഷംസീര്‍ ആണിപ്പോള്‍ തലശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭയില്‍ ഉള്ളത്. രണ്ടാം ഊഴത്തില്‍ സ്പീക്കറാക്കിയാണ് വലിയ പദവി സി.പി.എം ഷംസീറിനു നല്‍കിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നിന്നും പരാജയപ്പെട്ടെങ്കിലും  സ്വരാജിനെയും സി.പി.എം നേതൃത്വം കൈവിട്ടിട്ടില്ല. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഉയര്‍ന്ന വേദിയായ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് അദ്ദേഹത്തെ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടി.വി രാജേഷ് ആകട്ടെ ഇപ്പോഴും സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച ഏത് ഉത്തരവാദിത്വവും ഒരു മടിയും കൂടാതെ ഏറ്റെടുക്കുന്ന ടി.വി രാജേഷിന്  പയ്യന്നൂരിലെ സി.പി.എമ്മിന്റെ പ്രത്യേക ചുമതലകൂടി സി.പി.എം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ജനകീയനായ സി.പി.എം ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണന്നെ മാറ്റിയപ്പോള്‍ ഉണ്ടായ വെല്ലുവിളി നേരിടാന്‍ ജനകീയനായ മുന്‍ എം.എല്‍.എയെ തന്നെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. എളിമയും വിനയവും മാത്രമല്ല എല്ലാവരെയും ചേര്‍ത്ത് പിടിച്ച് കൊണ്ടുപോകാനുള്ള പ്രത്യേക കഴിവും ടി.വി രാജേഷ് എന്ന യുവ നേതാവിനുണ്ട്. താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ വരെ പേരെടുത്ത് വിളിക്കുന്ന ബന്ധമാണത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി  പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്  കണ്ണൂരില്‍ നിന്നും തുടങ്ങി തിരുവനന്തപുരം വരെ  ഭീകര മര്‍ദ്ദനത്തിനും ഈ യുവ പോരാളി പലവട്ടം വിധേയനായിട്ടുണ്ട്. ഇത്രയും അടിമേടിച്ചു കൂട്ടിയ മറ്റൊരു നേതാവും, ഒരുപക്ഷേ കേരളത്തില്‍ ഉണ്ടാവുകയില്ല. പൊലീസ് അറസ്റ്റ് ചെയ്ത് 86 ദിവസമാണ് രാജേഷിനെ ജയിലില്‍ അടച്ചിരുന്നത്.

ആ കാലത്ത് രാജേഷിന്റെ അഭാവത്തില്‍, പത്രസമ്മേളനങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി കെ ബിജു.പിന്നീട് എം.പിയായും, ഇപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നും വന്ന നിരവധി പ്രവര്‍ത്തകരും നേതാക്കളും സി.പി.എമ്മിനുണ്ട്. അതു പോലെ, കഷ്ടപ്പാട് നിറഞ്ഞ ഒരു ബാല്യം തന്നെയായിരുന്നു, ടി.വി രാജേഷിനും ഉണ്ടായിരുന്നത്. തികഞ്ഞ നിഷ്‌കളങ്കതയും  സൗഹൃദവുമാണ് ഈ കമ്യൂണിസ്റ്റിന്റെ ദൗര്‍ബല്യം. എസ്.എഫ്.ഐയിലെ മുന്‍ സഹപ്രവര്‍ത്തകരായിരുന്ന  കെ.എസ് ബിമലും പി.ബിജുവും മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ  ഇതേ രാജേഷ് തന്നെയാണ്  തനിക്കും കുടുംബത്തിനും എതിരെ നിയമസഭയില്‍ എതിരാളികള്‍ നെറികേടു പറഞ്ഞ നിമിഷത്തിലും പൊട്ടിക്കരഞ്ഞു പോയിരുന്നത്. എന്നാല്‍, ആ സാഹചര്യം മനസ്സിലാക്കാതെ ടി.വി രാജേഷിന്റെ തെളിമയാര്‍ന്ന ജീവിതത്തിനു നേരെ പല്ലിളിച്ചു കാട്ടാനാണ് ഈ സംഭവത്തെ രാഷ്ട്രീയ എതിരാളികള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ഡി.വൈ.എഫ്.ഐയെ അപമാനിക്കാനും  ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായി.എന്നാല്‍, അതൊന്നും തന്നെ വിലപ്പോയിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. സി.പി.എം പ്രവര്‍ത്തകര്‍ക്കിടയിലും  പൊതു സമൂഹത്തിനിടയിലും, ആഴത്തിലുള്ള ഹൃദയബന്ധമാണ്  ടി.വി.ആര്‍ എന്ന് അണികള്‍ വിളിക്കുന്ന ടി.വി രാജേഷിനുള്ളത്. അതു തന്നെയാണ്, അദ്ദേഹത്തിന്റെ കരുത്തും .


EXPRESS KERALA VIEW

Top