Leader’s trapped-Pinarayi government-who-escaped-from-UDF Government

തിരുവനന്തപുരം :- പോലീസ് ഭരണത്തില്‍ എ.കെ ആന്റണിയെയും കടത്തിവെട്ടി മുഖ്യമന്ത്രി പിണറായി.

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ പോലീസ് സ്റ്റേഷന്‍ ഭരണത്തിന് അറുതി വരുത്തി ഭരണം നടത്തിയ എ.കെ ആന്റണിയുടെ കാലത്തേയും നടപടികളിലൂടെ കവച്ച് വച്ചിരിക്കുകയാണ് പിണറായി വിജയന്‍.

അധികാരമേറ്റടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അറിയപ്പെടുന്ന സിപിഎം നേതാക്കളും പ്രവര്‍ത്തകരുമടക്കമുളളവര്‍ കേസില്‍ കുരുങ്ങിയതും അന്വേഷണം നേരിടുന്നതും കഴിഞ്ഞകാല ഇടതുഭരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കാഴ്ചയാണ്.

ഉമ്മന്‍ ചാണ്ടിയെപ്പോലെ മുഴുവന്‍ ആളുകളെയും നേരില്‍ കണ്ട് പരാതി വാങ്ങുന്ന പതിവ് പിണറായിക്ക് ഇല്ലെങ്കിലും ലഭിക്കുന്ന പരാതികള്‍ ചവറ്റ് കൊട്ടയില്‍ പോകാതെ കൃത്യമായ നടപടയിലേക്ക് എത്തുമെന്നതാണ് യാഥാര്‍ത്ഥ്യം.

എറണാകുളത്ത് ഗുണ്ടകളുമായി ചേര്‍ന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗവും സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ സക്കീര്‍ ഹുസൈനെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് അറസ്റ്റ് ഭയന്ന് അദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. സി.പി.എം നേതാവിനെ തേടി പാര്‍ട്ടി ഓഫീസും വീടും റെയ്ഡ് നടത്തുന്ന സാഹചര്യം വരെ ഇവിടെയുണ്ടായി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎം നേതാവിനെതിരെ കേസെടുത്തുവെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരുന്നു.

റേഞ്ച് ഐ.ജി ശ്രീജിത്തിന്റെ വാദങ്ങള്‍ പരിഗണിക്കാതെ മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറുമാണ് ഇവിടെ പൊലീസ് നടപടിക്ക് നേതൃത്വം കൊടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കമുള്ളവരും പിടിയിലായിട്ടുണ്ട്.

ഇതിന് തൊട്ട് പിന്നാലെയാണിപ്പോള്‍ തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായ പിഎന്‍ ജയന്തനടക്കമുളളവര്‍ സ്ത്രീപീഡന കേസില്‍ കുരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അട്ടിമറിച്ചെന്ന് പീഡനത്തിനിരയായ യുവതിയും, ഡബിംഗ് ആര്‍ട്ടിസ്റ്റും പൊതുപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയും ആരോപിക്കുന്ന പീഡനകേസില്‍ പ്രതികള്‍ സി.പി.എം നേതൃനിരയലുളളവരായിട്ടും അന്വേഷിക്കാന്‍ തൃശ്ശൂര്‍ റേഞ്ച് ഐ.ജി അജിത്ത് കുമാര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുകയാണ്.

സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഇതു സംബന്ധമായ നിര്‍ദ്ദേശം അദ്ദേഹം നല്‍കിയത്. പോലീസ് മൊഴി തിരുത്തി പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ഗുരുതരമായ ആരോപണവും യുവതി ഉന്നയിച്ചിട്ടുണ്ട്.

പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും എല്ലാ സി.പി.എം പ്രവര്‍ത്തകരെയും അടിച്ചാക്ഷേപിക്കരുതെന്നും പരാതിക്കാരി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീപീഡനം സിപിഎമ്മിനെതിരെ ആയുധമാക്കി ആഞ്ഞടിക്കുന്ന യു.ഡി.എഫ് നേതൃത്വത്തോട് സിപിഎം പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്ത് എന്നറിഞ്ഞിട്ടും പിണറായി സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നത് കണ്ട് പഠിക്കണമെന്നാണ് ഭരണപക്ഷത്തിന്റെ മറുപടി.

മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പിണറായി പൊലീസിന് നല്‍കിയ സ്വാതന്ത്ര്യം തന്നെയാണ് ഇപ്പോഴത്തെ പോലീസ് നടപടിക്ക് പിന്നില്‍.

ഒരു ബാഹ്യശക്തിയുടെയും നേതാക്കളുടെയും സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന വ്യക്തമായ നിര്‍ദ്ദേശവും സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.

പൊലീസിലെ ബാഹ്യ ഇടപെടലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ആന്റണി നല്‍കിയതിനേക്കാള്‍ വലിയ സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് പിണറായി ഭരണത്തിലുളളതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായം.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റങ്ങളില്‍ രാഷ്ട്രീയ ഇടപെടലില്ലാത്ത നിയമനം ഇടതു ഭരണത്തില്‍ ചരിത്രത്തില്‍ ആദ്യമായി നടന്നതും പിണറായി സര്‍ക്കാരിലാണ്. അത് തന്നെയാണ് മുഖം നോക്കാതെ നിയമം നടപ്പാക്കാന്‍ പൊലീസിന് ധൈര്യം പകരുന്നതും.

Top