കോൺഗ്രസുമായുള്ള ലയന വാർത്ത തള്ളി ശരദ് പവാർ വിഭാഗം നേതാക്കൾ; യോഗത്തിൽ ചർച്ചയായത് പുതിയ ചിഹ്നം

 കോൺഗ്രസുമായി ലയിക്കാൻ എൻസിപി ശരദ് പവാർ വിഭാഗം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ശരദ് പവാറിൻ്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളുടെ യോഗം ചേർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പുതിയ ചിഹ്നവും പേരും യോഗം ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. പവാറിൻ്റെ പൂനെയിലെ മോദിബാഗിലെ വസതിയിലാണ് യോഗം നടന്നത്. ഫെബ്രുവരി 27 ന് നടക്കുന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ശരദ് പവാർ വിഭാഗത്തെ ‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ’ എന്ന് വിളിക്കാൻ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു. അജിത് പവാർ വിഭാഗത്തിന് എൻസിപിയുടെ പേരും ചിഹ്നവും അനുവദിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു.

ഇതിനിടെ കോൺഗ്രസുമായുള്ള ലയനനീക്കം സംബന്ധിച്ച ഊഹാപോഹങ്ങൾ മുൻ മന്ത്രി അനിൽ ദേശ്മുഖ്, പാർട്ടിയുടെ ലോക്‌സഭാ എംപി അമോൽ കോൽഹെ തുടങ്ങിയ ശരദ് പവാർ വിഭാഗം നേതാക്കൾ തള്ളിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി സ്വന്തം അസ്ഥിത്വം നിലനിർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ശരദ് പവാർ വിളിച്ച യോഗത്തിലും സമാനമായ നിലപാടാണ് നേതാക്കൾ സ്വീകരിച്ചതെന്നും റിപ്പോർട്ടുണ്ട്.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട ചിഹ്നത്തെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. വിസിൽ, ആൽമരം, കപ്പ് സോസർ എന്നീ ചിഹ്നങ്ങളും പാർട്ടിയുടെ പേരും യോഗം ചർച്ച ചെയ്തു. ‘ഒരു ലയനത്തെക്കുറിച്ചും ചർച്ച നടന്നിട്ടില്ല, അത്തരത്തിലുള്ള ഒരു നിർദ്ദേശവും ഇല്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളോട് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ട മൂന്ന് ചിഹ്നങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു ചർച്ച’, മുതിർന്ന നേതാവ് അനിൽ ദേശ്മുഖ് പറഞ്ഞു. ‘ഏകദേശം 25 വർഷമായി മഹാരാഷ്ട്രയിലെ ജനങ്ങൾ ശരദ് പവാറിനൊപ്പമാണ്, എന്തിനാണ് ഞങ്ങൾപാർട്ടിയെ മറ്റൊന്നുമായി ലയിപ്പിക്കുന്നത്’ എന്നായിരുന്നു അമോൽ കോൽഹെ എം പിയുടെ പ്രതികരണം. എൻസിപി ശരദ് പവാർ വിഭാഗം കോൺഗ്രസിൽ ലയിക്കുന്നു എന്ന വാർത്ത ആരോ മനഃപൂർവം പ്രചരിപ്പിച്ചതായി കോൽഹെ ആരോപിച്ചു. എംപിമാരായ ശ്രീനിവാസ് പാട്ടീൽ, സുപ്രിയ സുലെ, വന്ദന ചവാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Top