തിരഞ്ഞെടുപ്പിലെ പരാജയം, കെപിസിസി നേതൃത്വത്തിന് മുന്നിൽ കൊല്ലത്തെ നേതാക്കൾ പരാതി അറിയിച്ചു

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസും യുഡിഎഫും നേരിട്ട പരാജയത്തെച്ചൊല്ലി കെപിസിസി നേതൃത്വത്തിനു മുന്നിൽ ജില്ലയിലെ നേതാക്കൾ പരാതി അറിയിച്ചു. ജില്ലയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, നിർവാഹക സമിതിയംഗങ്ങൾ അടക്കം 24 പേരാണ് ഇന്നലെ കെപിസിസി ഓഫിസിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്കു മുന്നിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഡിസിസി- യുഡിഎഫ് നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നു ഭാരവാഹികളിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെയും ശക്തമായ ആരോപണങ്ങൾ ഉയർന്നെങ്കിലും, ഗ്രൂപ്പുകളുടെ അതിപ്രസരം ഡിസിസി പ്രസിഡന്റിനെ വരിഞ്ഞു മുറുക്കിയെന്ന എതിർവാദവും ഉയർന്നു.

ജില്ലയിൽ നിന്നുള്ള കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെയും ചിലർ രംഗത്തുവന്നു. ഡിസിസി പ്രസിഡന്റ് കൊല്ലം നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചു മാത്രമാണു പ്രവർത്തിച്ചതെന്നായിരുന്നു ചിലരുടെ പരാതി. എല്ലാ സമരങ്ങളും ചിന്നക്കടയിൽ കേന്ദ്രീകരിച്ചപ്പോൾ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കു പ്രസിഡന്റ് തിരിഞ്ഞു നോക്കിയില്ല. 2കുന്നത്തൂരിലെ മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ നിർദേശിച്ച സ്ഥാനാർഥികളെപ്പോലും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ താൽപര്യത്തിനു ഡിസിസി പ്രസിഡന്റ് വെട്ടി.

Top