ലീഡറുടെ മകള്‍ ബി.ജെ.പിയ്ക്ക് ഇനി സൂപ്പര്‍ ലീഡര്‍,യു.ഡി.എഫ് വന്‍ പ്രതിസന്ധിയിലേക്ക് നേട്ടം കൊയ്യാന്‍ ഇടതുപക്ഷം

കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറ ശക്തിപ്പെടുത്തിയ നേതാവാണ് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ കരുത്തനായ ഭരണാധികാരിയെന്ന് അനുയായികള്‍ വിശേഷിപ്പിക്കുന്ന ആ ലീഡറുടെ മകളും  ആന്റണി പുത്രനു പിന്നാലെ ഇപ്പോള്‍ കാവിയണിഞ്ഞിരിക്കുകയാണ്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെയാണ്  ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. ഇനി ആരൊക്കെ പോകും എന്നതും അറിയാനിരിക്കുന്നതേയൊള്ളൂ.അനില്‍ ആന്റണിയെ ആന്റണി പുത്രനെന്ന ഒറ്റ പരിഗണനയിലാണ് ദേശീയ സെക്രട്ടറിയായി ബി.ജെ.പി ഉയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് ശക്തിയുള്ള പത്തനംതിട്ടയില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയിരിക്കുന്നത് പി.സി ജോര്‍ജിനെ പോലും അവഗണിച്ചാണ് എന്നതും  നാം തിരിച്ചറിയണം. അനില്‍ ആന്റണിയ്ക്ക് ഇതാണ് പരിഗണനയെങ്കില്‍ സാക്ഷാല്‍ കരുണാകര പുത്രിക്ക് ബി.ജെ.പി എന്തു പരിഗണനയാണ് നല്‍കുക എന്നത് ചിന്തിക്കാവുന്നതേയൊള്ളൂ. സംസ്ഥാന കോണ്‍ഗ്രസ്സിലെ അറിയപ്പെടുന്ന വനിതാ നേതാവായ പത്മജ നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയാണ്. അതു കൊണ്ടു തന്നെ നല്ല പരിഗണന ബി.ജെ.പി അവര്‍ക്ക് നല്‍കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

പത്മജയുടെ അപ്രതീക്ഷിതമായ ഈ ബി.ജെ.പി പ്രവേശനം കോണ്‍ഗ്രസ്സിനെ മാത്രമല്ല യു.ഡി.എഫിനെ ഒന്നാകെ പ്രതിരോധത്തിലാക്കുന്നതാണ്. ഇനി…യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എന്തു പറഞ്ഞ് വോട്ട് ചോദിക്കും എന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. ‘ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി.ജെ.പിയാണെന്ന ‘ ഇടതുപക്ഷ പ്രചരണത്തിനാണ് പത്മജയുടെ ബി.ജെ.പി പ്രവേശനം കരുത്ത് പകര്‍ന്നിരിക്കുന്നത്.’ഇങ്ങനെ ഒരു ചതി ഒരു പെങ്ങളും… സ്വന്തം സഹോദരനോട് ചെയ്യരുതായിരുന്നു ‘ എന്ന തരത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാണ്. പത്മജയുടെ ബി.ജെ.പി പ്രവേശനത്തോടെ ആകെ തകര്‍ന്നിരിക്കുന്നതിപ്പോള്‍ സഹോദരനായ കെ മുരളീധരനാണ്. വടകര സിറ്റിംഗ് എം.പിയായ മുരളിയ്ക്ക് ഇത്തവണ കടുത്ത വെല്ലുവിളിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കെ.കെ ശൈലജ ഉയര്‍ത്തുന്നത്. പത്മജ കാവിയണിഞ്ഞതോടെ വടകര മണ്ഡലത്തിലെ മുരളിയുടെ പ്രതീക്ഷകൂടിയാണ് അസ്തമിക്കുന്നത്.

സ്വന്തം സഹോദരി ബി.ജെ.പിയില്‍ പോകുന്നത് തടയാന്‍ പോലും പറ്റാത്ത മുരളീധരനെ വിജയിപ്പിച്ചാല്‍ അദ്ദേഹവും ഒടുവില്‍ ബി.ജെ.പിയിലേക്കായിരിക്കും പോകുക എന്ന് വോട്ടര്‍മാര്‍ കരുതിയാല്‍ അവരെ ഒരിക്കലും കുറ്റം പറയാന്‍ സാധിക്കുകയില്ല. മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമായ വടകരയില്‍ കെ.മുരളീധരന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കാന്‍ ഇത്തരം പ്രചരണങ്ങള്‍ കൊണ്ട് സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.പത്മജയുടെ ബി.ജെ.പി പ്രവേശനത്തിന്റെ ഇഫക്ട് ഒരിക്കലും വടകരയില്‍ മാത്രമായി ഒതുങ്ങാനും പോകുന്നില്ല. കേരളത്തിലെ 20 ലോകസഭ മണ്ഡലങ്ങളിലും പ്രധാന പ്രചരണ വിഷയമായി മാറാന്‍ പോകുന്നതും ഇതു തന്നെയായിരിക്കും. അസാധാരണമായ ഒരു പ്രതിസന്ധിയിലേക്കാണ്…പത്മജ വേണുഗോപാല്‍ സ്വന്തം പിതാവിന്റെ പാര്‍ട്ടിയെ ഇപ്പോള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

വന്യമൃഗ ആക്രമണവും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി  പിണറായി സര്‍ക്കാറിനെതിരെ പോര്‍മുഖം തുറന്ന കോണ്‍ഗ്രസ്സിന്റെ കുന്തമുനയാണ്  പത്മജ ഒടിച്ചു കളഞ്ഞിരിക്കുന്നത്. സര്‍ക്കാറിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന സകല കോണ്‍ഗ്രസ്സ് നേതാക്കളും പത്മജയുടെ ബി.ജെ.പി പ്രവേശന വാര്‍ത്തയറിഞ്ഞ് പകച്ചു നില്‍ക്കുകയാണ്.പത്മജയെ തള്ളിപ്പറഞ്ഞതു കൊണ്ടുമാത്രം കോണ്‍ഗ്രസ്സിന് പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല. എന്തുകൊണ്ടാണ്  കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും എല്ലാം പ്രിയപ്പെട്ട പാര്‍ട്ടിയായി ബി.ജെ.പി മാറുന്നത് എന്നതിന് കൃത്യമായ മറുപടി രാഷ്ട്രീയ കേരളത്തിനും ലഭിക്കേണ്ടതുണ്ട്. ഉത്തരേന്ത്യയില്‍ പയറ്റി വിജയിച്ച തന്ത്രം തന്നെയാണ്  കേരളത്തിലും ബി.ജെ.പി ഇപ്പോള്‍ പയറ്റി കൊണ്ടിരിക്കുന്നത്. ആദ്യം അവര്‍ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയില്‍ എത്തിച്ചു  പിന്നീട് ചില കെ.പി.സി.സി അംഗങ്ങളും ബി.ജെ.പിയില്‍ എത്തി. ഒടുവില്‍ ആന്റണി പുത്രന്‍ അനില്‍ ആന്റണിയും സംഘിയായി. ഇതിനു തൊട്ടുപിന്നാലെ പത്മജ കൂടി എത്തുമ്പോള്‍ ബി.ജെ.പി ക്യാംപാണ് ഉണരുന്നത്. അവരെ ഉണര്‍ത്തി ഇന്ധനം നല്‍കുന്ന പണിയാണ് യഥാര്‍ത്ഥത്തില്‍ … കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെവരെ നിയന്ത്രിക്കുന്ന കെ.സി വേണുഗോപാലിന്റെ… മുഖത്തേറ്റ പ്രഹരം കൂടി ആയാണ് പത്മജയുടെ ബി.ജെ.പി പ്രവേശനം ഇപ്പോള്‍ മാറിയിരിക്കുന്നത്.

തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതാണ് ബി.ജെ.പിയിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തിനു പിന്നിലെന്നാണ് പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങളും തുടങ്ങിയിരുന്നത്.കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ പദ്മജ മത്സരിച്ചെങ്കിലും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. കാലുവാരി തന്നെ തോല്‍പ്പിച്ചു എന്ന വികാരമാണ്… ഇക്കാര്യത്തില്‍ അവര്‍ക്കുള്ളത്. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നത് കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും, പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു പുറത്തു വരുന്ന വിവരം.

2004-ല്‍ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തില്‍നിന്നു പദ്മജ മത്സരിച്ചെങ്കിലും .. പരാജയപ്പെട്ടിരുന്നു. ലോനപ്പന്‍ നമ്പാടനോടായിരുന്നു അന്നു പരാജയപ്പെട്ടിരുന്നത്. പിന്നീട് തൃശൂരില്‍നിന്നും 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയമാണ് രുചിച്ചിരുന്നത്. വി.എസ്.സുനില്‍ കുമാറായിരുന്നു അവരുടെ അന്നത്തെ എതിരാളി.തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിത കൂടിയാണ് പദ്മജ വേണുഗോപാല്‍. ഇന്ത്യന്‍ നാഷനല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്.

പത്മജയുടെ ബി.ജെ.പി പ്രവേശനം യു.ഡി.എഫിനു ഉണ്ടാക്കുന്ന പ്രത്യാഘാതം മനസ്സിലാക്കി മുരളി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ അവരെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും  പത്മജ വഴങ്ങിയിരുന്നില്ല. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പുറമെ  ലീഗ് നേതാക്കള്‍ വരെ  പത്മജയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരമാണിപ്പോള്‍ പുറത്തു വരുന്നത്. ഉത്തരേന്ത്യന്‍ മോഡല്‍ ‘ഓപ്പറേഷന്‍ താമര’, കേരളത്തിലും തുടങ്ങിയതിന്റെ സൂചനയായാണ്  പത്മജയുടെ ബി.ജെ.പി പ്രവേശനത്തെ ലീഗ് നേതൃത്വവും നോക്കി കാണുന്നത്. അതില്‍ അവര്‍ക്കും  വലിയ ആശങ്കയാണുള്ളത്. കോണ്‍ഗ്രസ്സ് നേതാക്കളെ വിശ്വസിക്കാന്‍ പറ്റില്ലന്ന വികാരം  ലീഗിനുള്ളിലും  മുസ്ലീം സംഘടനകള്‍ക്കുള്ളിലും ശക്തിപ്പെട്ടിട്ടും യു.ഡി.എഫില്‍ തുടരാന്‍ തീരുമാനിച്ച ലീഗിന്റെ നെഞ്ചില്‍ കൂടി കുത്തിയിട്ടാണ്  പത്മജ യു.ഡി.എഫിനോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.പാര്‍ട്ടി വിടാന്‍ പത്മജ പല കാരണങ്ങളും നിരത്തുന്നുണ്ടെങ്കിലും  യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. കോണ്‍ഗ്രസ്സില്‍ നിന്നാല്‍  ഇനി ഭാവിയില്ലന്ന തിരിച്ചറിവാണ്  അവരെ ബി.ജെ.പി പ്രവേശനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. പാര്‍ട്ടി വിട്ടു വരുന്നവര്‍ക്ക്  ബി.ജെ.പി നല്‍കുന്ന വലിയ പരിഗണനയും  ഈ തീരുമാനത്തെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്.

എ.പി അബ്ദുള്ളക്കുട്ടിക്ക് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും അനില്‍ ആന്റണിയ്ക്ക് ദേശീയ സെക്രട്ടറിയും ആകാമെങ്കില്‍ തനിക്ക് അതിനും അപ്പുറമുള്ള പദവിക്ക് യോഗ്യതയുണ്ടെന്നാണ്  പത്മജ കരുതുന്നത്. അത്തരമൊരു ഉറപ്പ്  ബി.ജെ.പി നേതൃത്വത്തില്‍ നിന്നും ലഭിച്ചിട്ടു തന്നെയാണ് അവരിപ്പോള്‍ കാവിയണിഞ്ഞിരിക്കുന്നത്. അതാകട്ടെ  വ്യക്തവുമാണ്. ലീഡറുടെ മകള്‍ കൂടി കാവിയണിഞ്ഞത് , ഇടതുപക്ഷത്തിനാണ്  കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുന്നത്. ഇനി ഇരുപത് മണ്ഡലങ്ങളിലും തീ പാറുന്ന മത്സരമാണ് നടക്കാന്‍ പോകുന്നത്. ഖദറില്‍ നിന്നും കാവിയിലേക്കുള്ള ദൂരവും ഇത്തവണ അളക്കപ്പെടും.

യു.ഡി.എഫ് ഉറപ്പായും വിജയിക്കുമെന്ന് അഹങ്കരിക്കുന്ന മണ്ഡലങ്ങളില്‍ പോലും നിലവിലെ രാഷ്ട്രീയ സാഹചര്യം അവര്‍ക്കെതിരാണ്. വന്യമൃഗ ആക്രമണവും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമെല്ലാം തിരഞ്ഞെടുപ്പ് ‘അജണ്ടയാക്കി’ നേട്ടം കൊയ്യാന്‍ ആഗ്രഹിച്ചവര്‍ പത്മജ തീര്‍ത്ത ‘പത്മവ്യൂഹത്തില്‍’പ്പെട്ടാണിപ്പോള്‍ ശരിക്കും കുടുങ്ങിയിരിക്കുന്നത്…. അതാകട്ടെ, വ്യക്തവുമാണ് . . .

EXPRESS KERALA VIEW

Top