ചെങ്കൊടിക്ക് ”വില്ലൻമാരാകുന്നത്” നേതാക്കളുടെ മക്കൾ, തിരുത്തണം

ത് മന്ത്രി പുത്രന്‍ ലൈഫ് മിഷനില്‍ കമ്മിഷന്‍ വാങ്ങിയാലും അത് തെറ്റാണ്. ഗുരുതരമായ തെറ്റ് എന്ന് തന്നെ പറയേണ്ടി വരും. പാവങ്ങള്‍ക്കു വേണ്ടി കിടപ്പാടം ഒരുക്കുന്ന പദ്ധതിയില്‍ കയ്യിട്ട് വാരുന്നത് മനുഷ്യത്വ വിരുദ്ധമായ നിലപാടാണ്. അത് കോടികളാകുമ്പോള്‍ തെറ്റിന്റെ വ്യാപ്തിയും കൂടും. കമ്മ്യൂണിസ്റ്റുകാരനായ മന്ത്രിക്കും ഈ ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍മാറാന്‍ കഴിയുകയില്ല. മക്കള്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും ബാധ്യതയാണെങ്കില്‍ രാജിവച്ച് ഒഴിയുകയാണ് വേണ്ടത്. മുന്‍പുണ്ടായ ബന്ധു നിയമനത്തില്‍ തട്ടിയാണ് ഒരിക്കല്‍ ഇ.പി ജയരാജന് മന്ത്രിസ്ഥാനം തെറിച്ചത്. കോടതി അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് വീണ്ടും മന്ത്രിയാകാന്‍ കഴിഞ്ഞിരുന്നത്. എങ്കിലും പൊതു സമൂഹത്തില്‍ ഇപ്പോഴും വിവാദ മന്ത്രിയ്‌ക്കെതിരെ രണ്ടഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യവും നാം കാണാതിരുന്നു കൂടാ. അനുഭവത്തില്‍ നിന്നും പഠിച്ചില്ലെങ്കില്‍ പിന്നെ എവിടെ നിന്നാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ പഠിക്കുക ? ഈ ചോദ്യം ഇടതുപക്ഷ അണികളില്‍ തന്നെ വ്യാപകമാണ്.

ഏത് ഉന്നത നേതാവായാലും മക്കളെയും ബന്ധുക്കളെയും അധികാരത്തിന്റെ ഇടനാഴിയില്‍ നിന്നും അകറ്റി നിര്‍ത്തുക തന്നെ വേണം. കോടിയേരി തെറ്റ് ‘ചെയ്തിട്ടല്ല’, മകന്‍ ചെയ്ത തെറ്റിനാണ് അദ്ദേഹം ഇപ്പോള്‍ പഴി കേള്‍ക്കുന്നത്. അതു പോലെ തന്നെയാണ് മന്ത്രി ഇ.പി ജയരാജന്റെയും അവസ്ഥ. കുടുംബാംഗങ്ങളാണ് അദ്ദേഹത്തിനും വില്ലനായിരിക്കുന്നത്. ക്വാറന്റീന്‍ ലംഘിച്ച് മന്ത്രിയുടെ ഭാര്യ കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ഇത്ര ധൃതിപ്പെട്ട് ലോക്കര്‍ തുറന്നത് എന്തിനാണെന്ന് വ്യക്തത വരേണ്ടതുണ്ട്. ഒരു പവന്‍ മാലയുടെ തൂക്കം നോക്കാനാണ് ബാങ്കില്‍ പോയതെന്ന് ദയവ് ചെയ്ത് ഇനി പറയരുത്. അത് വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മാരല്ല കേരള ജനത. എന്ത് ന്യായീകരണം നിരത്തിയാലും ക്വാറന്റീന്‍ ലംഘിച്ചത് തെറ്റാണ്. ഇതിനെതിരെ കേസെടുക്കാന്‍ പൊലീസും തയ്യാറാകണം. കോവിഡ് പ്രോട്ടോകോള്‍ മന്ത്രി പത്‌നിക്കും ബാധകമാണ്. സ്രവ പരിശോധനക്ക് ശേഷം ഫലം വരും വരെ അവര്‍ ക്വാറന്റീനില്‍ കഴിയണമായിരുന്നു. ഈ നിയമ ലംഘനം മൂലം ബാങ്കിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്കാണ് ക്വാറന്റീനില്‍ പോകേണ്ടി വന്നിരിക്കുന്നത്. സാധാരണ ഒരു വീട്ടമ്മയല്ല മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര. അവര്‍ ഇതേ ബാങ്കില്‍ മുന്‍പ് സീനിയര്‍ മാനേജരുമായിരുന്നു. മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവരാണ് ഇപ്പോള്‍ അപമാനമായിരിക്കുന്നത്.

തുറന്ന ലോക്കറില്‍ എന്താണ് ഉണ്ടായിരുന്നു എന്നതും ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്. കേന്ദ്ര ഏജന്‍സി ആ ചുമതല നിര്‍വ്വഹിക്കുമെന്ന് തന്നെയാണ് കരുതുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമൊത്തുള്ള മന്ത്രി പുത്രന്റെ ഫോട്ടോ സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ തന്നെയാണ് ഈ ലോക്കര്‍ തുറക്കലും ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ സംശങ്ങളും സ്വാഭാവികവുമാണ്. സ്വപ്ന സുരേഷിന് മന്ത്രി പുത്രന്‍ 2018-ല്‍ വിരുന്നൊരുക്കിയത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. ഈ വിരുന്നിന് ശേഷമാണ് മന്ത്രി പുത്രന്‍ ലൈഫ് മിഷനില്‍ ഇടനിലക്കാരനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത ശരിയാണെങ്കില്‍ സര്‍ക്കാറും ഇടതുപക്ഷവുമാണ് കൂടുതല്‍ പ്രതിരോധത്തിലാകുക.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെയും വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഇതെല്ലാം സി.പി.എം അണികളെ സംബന്ധിച്ചും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. നേതാക്കളുടെ കുടുംബത്തിന്റെ അപക്വമായ പ്രവര്‍ത്തിക്ക് മറുപടി പറയേണ്ടതും അവരാണ്. പ്രതിപക്ഷം ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാറിനെ കടന്നാക്രമിക്കുന്നത്. പിണറായി സര്‍ക്കാര്‍ ചെയ്ത നല്ല പദ്ധതികളുടെ മുകളിലാണ് നേതാക്കളുടെ മക്കള്‍ മാലിന്യം വിതറിയിരിക്കുന്നത്. ഇതു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഭരണ തുടര്‍ച്ചക്ക് അര്‍ഹതയുള്ള ഒരു സര്‍ക്കാറിനോട് ചെയ്ത മഹാപാപമാണിത്.

ഇവരെയൊന്നും ഒരിക്കലും കമ്യൂണിസ്റ്റുകളായി കാണാന്‍ കഴിയുകയില്ല. സ്വന്തം കുടുംബത്തില്‍ കമ്മ്യൂണിസ്റ്റ് ജീവിതരീതി നടപ്പാക്കാത്തവര്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ഇനി വരരുത്. അവര്‍ക്ക് അതിനുള്ള യോഗ്യതയില്ല. സി.പി.എം ഇക്കാര്യങ്ങള്‍ പരിശോധിച്ച് കര്‍ശനമായ നടപടിക്ക് തയ്യാറാകണം. വ്യക്തിയല്ല പാര്‍ട്ടി എന്ന് പ്രവര്‍ത്തിയിലൂടെ തെളിയിക്കാനുള്ള അവസരമാണിത്. മന്ത്രി ജലീലിന്റെ കാര്യത്തിലും ശരിയായ നിലപാടാണ് സ്വീകരിക്കേണ്ടത്. തെറ്റ് ചെയ്തിട്ടില്ലങ്കില്‍ ജലീലിനെ സംരക്ഷിക്കുക തന്നെ വേണം. എന്നാല്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമായാല്‍ മാറ്റി നിര്‍ത്താനും വൈകരുത്. ഇക്കാര്യത്തിലും നീതിപൂര്‍വ്വമായ നടപടിയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ മണ്ണ് ഉഴുത് മറിച്ച് പാകപ്പെടുത്തിയതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. കേരളത്തിലെ ഇന്നത്തെ പുരോഗതിക്ക് പിന്നിലും ഇടതുപക്ഷ സര്‍ക്കാറിന്റെ കയ്യൊപ്പുണ്ട്. ഇപ്പോഴും ചെങ്കൊടിയെ അഭിമാനമായി കാണുന്ന ഒരു വലിയ ജനത ഈ നാട്ടിലുണ്ട്. അവരുടെ മനസ്സില്‍ വീണ പോറലാണ് ആദ്യം മാറ്റേണ്ടത്. അത് ചെങ്കൊടിക്ക് കൂടുതല്‍ തിളക്കം മാത്രമേ നല്‍കുകയുള്ളു.

Top