‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ എന്നത് പിണറായി ഭരണകാലത്തെ ഏറ്റവും തമാശയുള്ള വാക്കാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ എന്നത് പിണറായി ഭരണകാലത്തെ ഏറ്റവും തമാശയുള്ള വാക്കാണെന്ന് വി ഡി സതീശന്‍ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എത്ര ഗൂണ്ടാ സംഘങ്ങള്‍, എത്ര കൊലപാതകങ്ങള്‍, എത്ര മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ പ്രകടനം നടത്തുന്നു. എന്നിട്ടും എപ്പോഴും മുഖ്യമന്ത്രിയുടെ മറുപടിയാണ് ‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍, തിരുവനന്തപുരത്ത് നിന്നും വണ്ടി കേറി കണ്ണൂര്‍ പോകേണ്ടയാള്‍, കൊല്ലത്ത് വണ്ടിയിറങ്ങി ചെങ്കോട്ടയിലേക്ക് പോയി. എന്നും മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ച് സതീശന്‍ പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് സങ്കടം തോന്നില്ലായിരിക്കുമെന്ന ആരോപണവും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വി ഡി സതീശന്‍ ഉയര്‍ത്തി. ഗൂണ്ടാ ആക്രമണം ഉണ്ടായാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോലും ഇവിടുത്തെ ജനങ്ങള്‍ക്ക് ധൈര്യമില്ലെന്നും കേരളത്തിലെ ആഭ്യന്തരവും മുഖ്യമന്ത്രിയും പരാജയമാണെന്നും സതീശന്‍ പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് ജീവിക്കാനുള്ള അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 ഉണ്ട്. ഇവിടുത്തെ ജനങ്ങളെയും അവരുടെ സ്വത്തും സംരക്ഷിക്കേണ്ടത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ നിങ്ങള്‍ അവിടെ പരാജയപ്പെട്ടു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, യൂ ഹാവ് ഫെയില്‍ഡ്, മിസറെബ്ലി ഫെയില്‍ഡ് ടു പ്രൊട്ടെക്ട് ദ ലൈഫ് ആന്‍ഡ് പ്രോപ്പെര്‍ട്ടി ഓഫ് ദ പീപ്പിള്‍ ഹിയര്‍.. ഇവിടെ ആര് എപ്പോള്‍ കൊല്ലപ്പെടുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരായി നിങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.’

പൊലീസ് സംവിധാനത്തില്‍ അധികാര ക്രമമുണ്ട്. അതിപ്പോള്‍ ഉണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടി ഏരിയ സെക്രട്ടറിമാരാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത്. അവരുപറയുന്നതാണ് ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നത്. പഴയകാല ഭരണത്തിന്റെ ഭീതിതമായ ഒരു പുതിയ രൂപമാണ് കേരളത്തില്‍ പാര്‍ട്ടി ഇടപെടുന്നത്. പാര്‍ട്ടിയേയും ഭരണത്തേയും ഒരുമിച്ച് കൊണ്ടുപോകുന്നയാളുകളാണ് നിങ്ങള്‍. ആ പാര്‍ട്ടി ഇടപെല്‍ പൊലീസ് സംവിധാനത്തെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒന്നായി മാറ്റിയിരിക്കുന്നു.

ഏത് കാലത്താണ് ഇത്തരത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ച് കൊണ്ടുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും നടന്നത്. ഇത്തരം സംഘങ്ങളെ പിടിക്കാന്‍ പൊലീസ് എന്തുചെയ്തു. മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ നിങ്ങള്‍ എത്ര റെയിഡുകള്‍ നടത്തി. എവിടുന്നാണ് ഈ മയക്കുമരുന്നുകള്‍ വരുന്നതെന്ന് അന്വേഷിച്ച് നോക്കണം നിങ്ങള്‍. നാവിന്റെ അടിയില്‍ വെച്ച് എട്ടുമണിക്കൂറോളം ലഹരിയില്‍ ആയി, അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ പോലും പറ്റാതെ പോകുന്ന മയക്കുമരുന്നുകളുണ്ട് കേരളത്തില്‍. അതിന്റെ സ്രോതസുകള്‍ കണ്ടുപിടിക്കാന്‍ എന്ത് അന്വേഷണമാണ് നിങ്ങളുടെ പൊലീസ് നടത്തിയത്.

മയക്കുമരുന്ന് ഉപയോഗിച്ചും മറ്റും നടത്തുന്ന ഇത്തരം അക്രമങ്ങള്‍ തടയാന്‍ നിങ്ങള്‍ എന്താണ് ചെയ്തത്. പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി. കണ്ണുകളില്‍ കുത്തി, മൂന്നുമണിക്കൂറോളം നിരന്തരമായി തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. എന്നിട്ട്, എന്താണ് പൊലീസ് ചെയ്തത്. വാതില്‍ അടച്ച് ഗുണ്ടകള്‍ പോയോന്ന് നോക്കി അകത്ത് നില്‍ക്കുകയാണ് പൊലീസ് ചെയ്തത്. സംശയമുണ്ടെങ്കില്‍ അന്വേഷിച്ചു നോക്കാനും സതീശന്‍ പറഞ്ഞു.

കണ്ണൂരില്‍ കൊല്ലപ്പെട്ട ഹരിദാസിന്റെ പടം കണ്ട് തന്റെ കണ്ണു നിറഞ്ഞുപോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതൊക്കെ കാണുമ്പോള്‍ സങ്കടം വരും. കാലുവെട്ടി കൊലപ്പെടുത്തി. ഇതുപോലുള്ള ക്രൂരമായ കൊലപാതകങ്ങള്‍ നിങ്ങള്‍ അല്ലേ തുടങ്ങിവെച്ചത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമായിരുന്നോ നിങ്ങളുടേത്. ടി പിയെ എങ്ങനെയാണ് കൊന്നത്. മരിച്ചിട്ടും കൊല്ലുകയായിരുന്നില്ലേ.. മുഖം വികൃതമാക്കുകയായിരുന്നില്ലേ.. അങ്ങനെ മഴുകൊണ്ടും, കൈവെട്ടിയും, കാലുവെട്ടിയും എത്ര കൊലപാതകങ്ങള്‍ എന്നിട്ടും കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്നത് യുഡിഎഫ് ആണെന്ന് പറഞ്ഞാല്‍ അത് തമാശയാണെന്നും കൂട്ടിച്ചേര്‍ത്തു.

Top