‘തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ട്’; വി.ഡി സതീശന്‍

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്ലിഫ് ഹൗസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി. സതീശനും മരപ്പട്ടി ആക്രമണത്തെക്കുറിച്ച് പറഞ്ഞത്.

മരപ്പട്ടി ഇവിടെയും ഉണ്ട്. പുലര്‍ച്ചെ നാലുമണിക്ക് ഞാനും മരപ്പട്ടി ശല്യംകാരണം ഉണര്‍ന്നു. ഒന്നല്ല, ഇഷ്ടംപോലെ മരപ്പട്ടിയുണ്ട്- വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫീസേഴ്സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കവെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലെ ശോച്യാവസ്ഥ വിവരിച്ചത്. ‘ഇസ്തിരിയിട്ടുവെച്ചിരിക്കുന്ന തുണി കുറച്ചുകഴിയുമ്പോള്‍ നനഞ്ഞിരിക്കും. മരപ്പട്ടി മൂത്രമൊഴിക്കുന്നതാണ്. മരപ്പട്ടിമൂത്രം വീഴുമെന്നതിനാല്‍ വെള്ളമൊക്കെ അടച്ചുതന്നെ വെക്കുകയാണ്’ -തന്റെ വസതിയായ ക്ലിഫ്ഹൗസിന്റെയും മറ്റു മന്ത്രിമന്ദിരങ്ങളുടെയും അവസ്ഥ മുഖ്യമന്ത്രി വിവരിച്ചിരുന്നു.

Top