ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നാണ് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത്. കെആർഡിസി ചെയർമാൻ ചീഫ് സെക്രട്ടറിക്ക് മുകളിലാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്നാൽ പാനലിലെ മാറ്റത്തിൽ രാഷ്ട്രീയ ഇടപെടലില്ലെന്നാണ് കെആർഡിസിയുടെ പ്രതികരണം. ജോസഫ് സി മാത്യുവിനെ മാറ്റി പകരം പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. നേരത്തെ ജോസഫ് സി മാത്യു പാനലിലുണ്ടായിരുന്നു. സംവാദത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു ഇതിനിടയിലാണ് മാറ്റം. ജോസഫ് സി മാത്യുവിനെ മാറ്റുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു.

സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ വിഷയത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി സംവാദം നടത്താൻ തീരുമാനിച്ചത്. മെയ് 28 ന് രാവിലെ 11 മണിക്ക് ഹോട്ടൽ താജ് വിവാന്തയിലാണ് പരിപാടി നടത്തുക.

Top