നവകേരള സദസ്സിലേക്ക് പ്രതിപക്ഷ നേതാവ് ചാവേറുകളെ അയക്കുന്നു; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നവകേരള സദസ്സിന്റെ ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. നവകേരള സദസ്സ് കഴിഞ്ഞതോടെ പ്രതിപക്ഷ നേതാവിന്റെ നില തെറ്റിയെന്നും പ്രതിപക്ഷ നേതാവ് ചാവേറുകളെ അയയ്ക്കുകയാണെന്നും വി ശിവന്‍കുട്ടി ആരോപിച്ചു. വി ഡി സതീശന്‍ പിച്ചും പേയും പറയുന്നു. വി ഡി സതീശന്റെ മാനസിക നില പരിശോധിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരെ അയയ്ക്കുന്നു. അവര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീവ്രവാദികളെ പോലെ പതിയിരുന്ന് ആക്രമിക്കുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ എറിയുന്നത് തീക്കൊള്ളി കൊണ്ടുള്ള കളിയാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പെരുമ്പാവൂരില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ KSU പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും KSU പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Top