ldf win in the election- vs

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

മലമ്പുഴയില്‍ താനും മികച്ച ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെടും. യുഡിഎഫിന്റെ ജനദ്രോഹപരമായ നയങ്ങളോട് ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ടെന്നും അതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വി.എസ് പറഞ്ഞു.

യു.ഡി.എഫിലുള്ള ജനങ്ങളുടെ പ്രതീക്ഷ അറ്റുപോയി. വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതിന്റെയെല്ലാം നേട്ടം ഇടതുപക്ഷത്തിനാണ് കിട്ടുക. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഡായി പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. കള്ളപ്പണം കണ്ടെത്തി അത് രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന ബഡായി പ്രസ്താവന അദ്ദേഹം നടത്തി.
പിന്നീട് അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ തന്നെ പറഞ്ഞു ഈ ലക്ഷപ്രഭുക്കളും കോടിശ്വരന്‍മാരും ശതകോടീശ്വരന്‍മാരും നമ്മളുടെ ഇടയില്‍ തന്നെയുണ്ടെന്ന്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ പ്രസ്താവന വിഴുങ്ങിയ ആളാണ് മോദിയെന്നും വി.എസ് പറഞ്ഞു.

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സംഭവം നടന്ന് ആറാം ദിവസമാണ് ആഭ്യന്തര മന്ത്രി ജിഷയുടെ വീട്ടില്‍ പോയത്. ഏഴുദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി ജിഷയുടെ അമ്മയെ കാണുന്നത്. കേസിന്റെ ആദ്യ ദിവസങ്ങളില്‍ പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരിന്റേത് വെറും സൂത്രങ്ങളാണെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

Top