ദേവഗൗഡയുടെ ആരോപണം പൊളിക്കണമെങ്കിൽ ഇടതുപക്ഷം ജെ.ഡി.എസിനെ പുറത്താക്കേണ്ടി വരും

രാജ്യത്തെ കമ്യൂണിസ്റ്റു പാർട്ടികളെ സംബന്ധിച്ച് പ്രത്യകിച്ച് സി.പി.എമ്മിനെ സംബന്ധിച്ച് വരുന്ന ലോകസഭ തിരഞ്ഞെടുപ്പ് ഒരു ജീവൻ മരണ പോരാട്ടം തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ സി.പി.എം , ഇത്തവണ സീറ്റുകൾ വർദ്ധിപ്പിച്ചില്ലങ്കിൽ അത് ദേശീയ തലത്തിൽ തന്നെ ഇടതുപക്ഷ ചേരിക്ക് വലിയ തിരിച്ചടിയായി മാറും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ ഉണ്ടായ തരംഗം ഇത്തവണ ഉണ്ടാകില്ലന്നു കണക്കു കൂട്ടുന്ന സി.പി.എം ഇത്തവണ കേരളത്തിൽ നിന്നും 15-ൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഈ പ്രതീക്ഷയുമായി പാർട്ടി പ്രവർത്തകർ മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ ഇപ്പോൾ സി.പി.എമ്മിനു അഭിമുഖകരീക്കേണ്ടി വന്നിരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷിയായ ജനതാദൾ എസിന്റെ അതായത് ജെ.ഡി.എസിന്റെ ദേശീയ അദ്ധ്യക്ഷൻ എച്ച്. ഡി. ദേവഗാഡയുടെ ഒരു സ്റ്റേറ്റ് മെന്റാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. “ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണെന്നാണ് ദേവഗൗഡ വെളിപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പിക്കും സംഘപരിവാർ സംഘടനകൾക്കും എതിരെ ശക്തമായി പോരാടുന്ന സി.പി.എം അണികളെ സംബന്ധിച്ച് മുൻ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ദേവഗൗഡയുടെ ഈ പ്രതികരണത്തെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിനു പുറമെ ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പ്രതിയോഗികൾ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ഈ അവസരം ഉപയോഗിച്ചിരിക്കുന്നത്. ഇത് അതീവ ഗൗരവമുള്ള വിഷയമാകുന്നത് ഇപ്പോഴും ദേവഗൗഡ അദ്ധ്യക്ഷനായ ജെ.ഡി.എസ് ഇടതുപക്ഷ മുന്നണിയിൽ തുടരുന്നുണ്ട് എന്നതിനാലാണ്. ഇതു സംബന്ധമായ ഒരു ന്യായീകരണവും വിലപ്പോവുകയില്ല. ജെ.ഡി.എസ് കേരള ഘടകം ദേവഗൗഡയുടെ പ്രതികരണത്തെ തള്ളിപ്പറഞ്ഞതു കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഈ പ്രതികരണത്തിന് ഒരു പ്രാധാന്യവും രാഷ്ട്രീയ കേരളവും നൽകുകയില്ല.

ദേശീയ അദ്ധ്യക്ഷനെ നിയന്ത്രിക്കുന്ന മുസ്ലീംലീഗിന്റെ ഘടനയല്ല ജെ.ഡി.എസിനുള്ളത്. ജെ.ഡി.എസിന് രാജ്യത്ത് ആകെ സ്വാധീനമുള്ള സംസ്ഥാനം കർണ്ണാടകയാണ്. അവിടെ വച്ചു തന്നെയാണ് ബി.ജെ.പി സഖ്യത്തിനും ആ പാർട്ടി തീരുമാനിച്ചിരിക്കുന്ന്. കേരളത്തിൽ ജെ.ഡി.എസ് എന്നു പറയുന്ന പാർട്ടി തന്നെ ഒരു പടമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ അടിത്തറയിൽ അഭയം പ്രാപിച്ചതു കൊണ്ടു മാത്രമാണ് ആ പാർട്ടിക്ക് ഇവിടെ ഒരു മന്ത്രിയുള്ളത്. ഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു പഞ്ചായത്തു ഭരണം പോലും പിടിക്കാനുള്ള ശേഷി ജെ.ഡി.എസിനില്ലന്നതും ഒരു യാഥാർത്ഥ്യമാണ്. ഇതിനേക്കാൾ മോശമായ അവസ്ഥയിലുള്ള പാർട്ടികൾക്കും നിലവിൽ ഇടതു മന്ത്രിസഭയിൽ പ്രാതിനിത്യമുണ്ട്. വല്ലാത്തൊരു ഗതികേടു തന്നെയാണിത്.

ഇത്തരം ഈർക്കിൾ പാർട്ടികളെ ചുമക്കുന്നതു കൊണ്ടാണ് ഇടതുപക്ഷത്തെയാകെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങൾ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും നേരിടേണ്ടി വരുന്നത്. ഫോൺ കെണി വിവാദത്തിൽ ഉൾപ്പെട്ട എൻ.സി.പി നേതാവിന് വീണ്ടും മന്ത്രി പദവി നൽകിയത് മറ്റൊരു ഉദാഹരണമാണ്. പരാതിക്കാരി നിയമ നടപടിയിൽ നിന്നും പിൻമാറിയതു കൊണ്ടു മാത്രമാണ് മന്ത്രി എ.കെ ശശീന്ദ്രൻ രക്ഷപ്പെട്ടിരുത്. എന്നാലും ഒരു ജനപ്രതിനിധി പുലർത്തേണ്ട മാന്യത അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ലന്നത് ഈ വിവാദം പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്നതുമാണ്.

ശശീന്ദ്രനു പകരം ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കും കയ്യിലിരിപ്പു കൊണ്ടാണ് ഒന്നാം പിണറായി സർക്കാറിൽ നിന്നും രാജിവയ്ക്കേണ്ടി വന്നിരുന്നത്. കായൽ കയ്യേറ്റമാണ് തോമസ് ചാണ്ടിക്കു നേരെ ഉയർന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത ശത്രുവായ ബി.ജെ.പിയുമായി ജെ.ഡി.എസ് ഉണ്ടാക്കിയ സഖ്യം പിണറായിയുടെ പൂര്‍ണ സമ്മതത്തോടെയാണെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. ജെ.ഡി.എസ് നേതൃത്വം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ആ നിമിഷം തന്നെ ആ പാർട്ടിയുടെ പ്രതിനിധിയെ കേരള മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിരുന്നു എങ്കിൽ, ഇത്തരമൊരു ആക്ഷേപം മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും നേരിടേണ്ടി വരുമായിരുന്നില്ല.

ഇക്കാര്യത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും ശരിക്കും വീഴ്ച പറ്റിയിട്ടുണ്ട്. ദേവഗൗഡയുടെ ആരോപണത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ജെ.ഡി.എസിനെ ഇനിയും മുന്നണിയിൽ തുടരാൻ അനുവദിച്ചാൽ ദേവഗൗഡ പറഞ്ഞത് ശരിയാണെന്നാണ് വരിക. അത് തിരഞ്ഞെടുപ്പിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യും. അത്തരമൊരു അവസ്ഥ എന്തായാലും കമ്യൂണിസ്റ്റു പാർട്ടി അണികൾക്കും അവരെ പിന്തുണയ്ക്കുന്ന ജന വിഭാഗങ്ങൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ബി.ജെ.പി ഘടകകക്ഷി ഇടതുപക്ഷത്തുള്ളത് ചുവപ്പിനോട് ചേർന്നു നിൽക്കുന്ന മത ന്യൂനപക്ഷങ്ങളും ആശങ്കയോടെയാണ് കാണുന്നത്.

ഈ അവസ്ഥയിൽ ജെ.ഡി.എസിനെ മുന്നണിയിൽ നിലനിർത്തി കൊണ്ട് ഏതു തിരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിട്ടാലും വലിയ തിരിച്ചടിക്കാണ് സാധ്യതയുള്ളത്. മോദിയുടെ മുന്നണിയിൽ അണി നിരന്ന പാർട്ടിയുടെ നേതാവ് സി.പി.എം നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ അംഗമാണെന്നു പറയുന്നതു തന്നെ ഇടതുപക്ഷത്തിന് അപമാനകരമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, രമേശ് ചെന്നിത്തലയും മാത്രമല്ല മുസ്ലീംലീഗും അവരുടെ പോഷക സംഘടനകളുമെല്ലാം വലിയ രൂപത്തിലുള്ള കടന്നാക്രമണമാണ് സി.പി.എമ്മിനെതിരെ നടത്തി കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ മറ്റൊരു മുന്നണിയാണ് ഇടതുപക്ഷമെന്ന പ്രചരണവും സോഷ്യൽ മീഡിയകളിൽ ശക്തമാണ്. ജെ.ഡി.എസിനെ പുറത്താക്കുകയല്ലാതെ മറ്റൊരു മാർഗ്ഗം ഇനി ഇടതുപക്ഷത്തിനില്ലന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ദേവഗൗഡയെ തള്ളിപ്പറഞ്ഞതു കൊണ്ടോ കേരളത്തിലെ ജെ.ഡി.എസ് വേറെയാണെന്നു പറഞ്ഞതു കൊണ്ടോ മാത്രം മന്ത്രി കൃഷ്ണൻ കുട്ടിക്കും മാത്യു ടി തോമസിനും ഇടതുപക്ഷത്ത് തുടരാൻ കഴിയുകയില്ല. ജെ.ഡി.എസിൽ നിന്നും പുറത്ത് വന്ന് മറ്റൊരു പാർട്ടി രൂപീകരിക്കുക മാത്രമാണ് അവർക്കു മുന്നിലുള്ള ഏക പോംവഴി. അതല്ലങ്കിൽ ഇടതുപക്ഷത്തെ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കേണ്ടി വരും. അതല്ലാതെ ജെ.ഡി.എസിൽ തുടർന്ന് കൊണ്ടു തന്നെ കേരളത്തിൽ ഇടതുപക്ഷത്തു തുടരാനാണ് ഭാവമെങ്കിൽ അത് ഇടതുപക്ഷത്തെ ആകെയാണ് ബാധിക്കുക. അത്തരമൊരു സാഹചര്യം സി.പി.എം നേതൃത്വമായിട്ട് സൃഷ്ടിച്ചു കൊടുക്കരുത് എന്നാണ് ഇടതുപക്ഷ കേരളവും ആഗ്രഹിക്കുന്നത്.

EXPRESS KERALA VIEW

Top