‘എൽ.ഡി.എഫ് കക്ഷികളെ യു.ഡി.എഫിലെത്തിക്കും’; ചിന്തൻ ശിബിരത്തിന് സമാപനം

ടതുപക്ഷ അനുഭാവമുള്ള സംഘടനകളെ യു.ഡി.എഫിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ട് കോൺഗ്രസ് ചിന്തൻ ശിബിരത്തിന് സമാപനം. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന ശിബിരത്തിന് സമാപനം കുറിച്ചു നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നയപ്രഖ്യാപനം നടത്തിയത്. സി.പി.ഐ അടക്കമുള്ള പാർട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്താനാണ് ആഹ്വാനം. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടിനെ തുടർന്ന് ഇടതുപക്ഷ സ്വാഭാവമുള്ള സംഘടനകൾക്കു പോലും എൽ.ഡി.എഫിൽ നിൽക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിക്ക് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന പലരും അസ്വസ്ഥരാണ്. അത് രാഷ്ട്രീയമായി മുതലെടുക്കാനായാല്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്ന് പ്രഖ്യാപനത്തില്‍ കെ. സുധാകരന്‍ പറഞ്ഞു.

സംഘടനാ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് കെ. സുധാകരൻ നടത്തിയത്. സംഘടനാ പുനഃസംഘടന അടിയന്തരമായി നടത്തും. ബൂത്തുതലത്തിൽ മുഴുസമയ പ്രവർത്തകരെ നിയമിക്കും. ജില്ലാതലങ്ങളിൽ ട്രെയിനിങ് വിഭാഗങ്ങൾ ആരംഭിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കും. കെ.പി.സി.സി സംസ്കാര സാഹിതി പുനരാരംഭിക്കും. സമരരീതികളിൽ മാറ്റംവരുത്തുമെന്നും പ്രഖ്യാപനത്തിൽ തുടരുന്നു.

Top