കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതിനെതിരെ യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം പാസായി. ഇടതുഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയമാണ് പാസായത്. ഇതോടെ കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി.

പ്രമേയം പാസായത് 26നെതിരെ 28 വോട്ടുകള്‍ക്കാണ്. സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പി.കെ.രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു. ഡെപ്യൂട്ടി മേയറായി പി.കെ. രാഗേഷ് തന്നെ തുടരും.

ഭരണത്തിനുള്ള പിന്തുണ രാഗേഷ് പിന്‍വലിക്കുമെന്ന ഉറപ്പിന്‍മേലാണ് അവിശ്വാസ പ്രമേയവുമായി യുഡിഎഫ് രംഗത്ത് എത്തിയത്. അതേസമയം, രാഗേഷിന്റെ നടപടി രാഷ്ട്രീയ വഞ്ചനയാണെന്ന് മേയറായിരുന്ന ഇ.പി. ലത പറഞ്ഞു.

ആകെ 55 കൗണ്‍സിലര്‍മാരുള്ള കോര്‍പറേഷനില്‍ 27 അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. ഇതില്‍ എടക്കാട് വാര്‍ഡിലെ എല്‍ ഡി എഫ് കൗണ്‍സിലര്‍ കഴിഞ്ഞ ദിവസം മരിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിന്റെ അംഗബലം 26ആയി. അവിശ്വാസപ്രമേയത്തിന്മേല്‍ നാലുമണിക്കൂറോളം നീണ്ട ചര്‍ച്ച നടന്നിരുന്നു.

Top