മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാൻ അവർ, ഭരണം കിട്ടിയാൽ ലീഗും ആ വഴിക്ക് !

സ്വപ്ന ലോകത്തെ ബാലഭാസ്‌ക്കറിന്റെ അവസ്ഥയിലാണിപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കള്‍. ജയിക്കുമെന്ന് ഒരുറപ്പും ഇല്ലങ്കിലും ഭരണം കിട്ടിയാലുള്ള പദവികളാണ് അവരിപ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി, ശേഷിക്കുന്ന രണ്ടര വര്‍ഷം രമേശ് ചെന്നിത്തലയും എന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്റിന് മുന്നില്‍ ഇപ്പോള്‍ വച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്‍പ് ഇക്കാര്യത്തില്‍ ധാരണ ഉണ്ടാക്കണമെന്നതാണ് ആവശ്യം. ധാരണ എങ്ങനെയായാലും ആഭ്യന്തരം വിട്ടൊരു കളി ഇത്തവണ ഇല്ലെന്ന കാര്യവും എ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കെ.എം മാണിയെ മാത്രമല്ല സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ പൊള്ളിച്ചതിന് പിന്നിലും ചെന്നിത്തലയുടെ പൊലീസായിരുന്നു എന്ന നിലപാടിലാണ് ‘എ’ വിഭാഗം. അഞ്ച് വര്‍ഷവും മുഖ്യനാകാന്‍ കൊതിക്കുന്ന ചെന്നിത്തലയാകട്ടെ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പിടിവാശി ഉപേക്ഷിച്ച മട്ടാണ്. ‘രണ്ടരയെങ്കില്‍ രണ്ടര’ അതെങ്കിലും കിട്ടിയാല്‍ മതി എന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോള്‍. അതുവരെ ആഭ്യന്തര വകുപ്പ് വേണമെന്നതാണ് ചെന്നിത്തല വിഭാഗത്തിന്റെ ഡിമാന്റ്‌.

ഐ ഗ്രൂപ്പിന്റെ ഈ വിലപേശല്‍ തന്ത്രം മുന്നില്‍ കണ്ട് എ വിഭാഗവും മറുതന്ത്രവുമായി രംഗത്തുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം തന്നെ ബോധപൂര്‍വ്വമാണ്. ഭരണം ലഭിക്കുകയാണെങ്കില്‍ ആഭ്യന്തരത്തിന് വേണ്ടി തര്‍ക്കം മുറുകിയാല്‍ മുല്ലപ്പള്ളിയെ ആഭ്യന്തരമന്ത്രിയാക്കാം എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ തന്ത്രം. പ്രത്യക്ഷത്തില്‍ ഗ്രൂപ്പ് ഇല്ലാത്തതും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് എന്നതും മുല്ലപ്പള്ളിക്ക് തുണയാകുമെന്നാണ് ‘എ’ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഭരണം സ്വപ്നം കണ്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്നോട്ട് പോകുമ്പോള്‍ മുസ്ലീം ലീഗിന്റെ പ്രതീക്ഷകള്‍ക്കും ഒരു കുറവുമില്ല. ഭരണം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുന്ന കുഞ്ഞാലിക്കുട്ടി, അവസരം ലഭിച്ചാല്‍ രണ്ടാം ഊഴത്തില്‍ ചെന്നിത്തലയെ ‘വെട്ടി’ മുഖ്യനാകാന്‍ പറ്റുമോ എന്നാണ് ചിന്തിക്കുന്നത്. യു.ഡി.എഫ് രാഷ്ട്രീയമായതിനാല്‍ ഒരു സാധ്യതയും തള്ളിക്കളയാനും കഴിയുന്നതല്ല.

ഇത്തവണ 30 സീറ്റില്‍ മത്സരിക്കാനാണ് മുസ്ലീംലീഗ് ലക്ഷ്യമിടുന്നത്. ഇക്കാര്യം അവര്‍ തുറന്ന് പറഞ്ഞും കഴിഞ്ഞു. ചെന്നിത്തലയേക്കാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലീഗ് പിന്തുണയ്ക്കുന്നത് ഉമ്മന്‍ ചാണ്ടിയെയാണ്. ‘രണ്ടാം ടേം’ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാക്കുന്നതിന് വേണ്ടി കൂടിയാണിത്. അതേസമയം, ചെന്നിത്തലക്ക് വെല്ലുവിളി ഉയര്‍ത്തി ഐ ഗ്രൂപ്പിനെ പിളര്‍ത്താന്‍ കെ.മുരളീധരനും അടൂര്‍ പ്രകാശും ശ്രമമാരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഐയിലെ ഒരു വിഭാഗം കെ.സി വേണുഗോപാലിന്റെ കെ.സി ഗ്രൂപ്പിലാണ്. വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള മറ്റു നേതാക്കള്‍ക്കും ഇപ്പോള്‍ ഐ ആഭിമുഖ്യം വളരെ കുറവുമാണ്. ഗ്രൂപ്പില്‍ ഉറച്ച് നില്‍ക്കുന്നത് ജോസഫ് വാഴക്കനും വി.എസ് ശിവകുമാറും കെ.സുധാകരനുമാണ്. എ.പി അനില്‍കുമാറിന് താല്‍പ്പര്യം കെ.സി വേണുഗോപാലിനോടാണ്. കെ.സുധാകരന്‍ എം.പി ആയതിനാല്‍ പരിമിതികളും ഏറെയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയുകയില്ല. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി സീറ്റ് നിര്‍ണ്ണയത്തില്‍ ‘ഐ’ ഗ്രൂപ്പിനെ ഒതുക്കുക എന്നതാണ് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ചെന്നിത്തലയുടെ വിലപേശല്‍ കുറക്കുന്നതിനാണിത്.

യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ ഏറ്റവും കൂടുതല്‍ എം.എല്‍.എമാരുള്ള ഗ്രൂപ്പിന് മുഖ്യമന്ത്രി പദം എന്നതാണ് കോണ്‍ഗ്രസ്സിലെ രീതി. ചെന്നിത്തല പ്രതിപക്ഷ നേതാവായതും ഈ കണക്കില്‍ തന്നെയാണ്. ഈ കണക്ക് കൂട്ടല്‍ തെറ്റിക്കാനാണ് എ വിഭാഗമിപ്പോള്‍ ശ്രമിക്കുന്നത്. അണിയറയിലെ പാര തിരിച്ചറിഞ്ഞ് മണ്ഡലം മാറാനുള്ള ശ്രമവും ഇപ്പോള്‍ ചെന്നിത്തല നടത്തുന്നുണ്ട്. ഹരിപ്പാട് മണ്ഡലത്തില്‍ നിലവില്‍ ചെന്നിത്തലക്ക് എതിരെ മത്സരിച്ചത് സി.പി.ഐയാണ്. ഈ സീറ്റ് സി.പി.എം ഏറ്റെടുത്താല്‍ ‘കളിയും’ മാറും. ചെന്നിത്തലയുടെ വിജയ സാധ്യതയും കുറയും. ‘എ’ ഗ്രൂപ്പുകാര്‍ പാലം കൂടി വലിച്ചാല്‍ എട്ടു നിലയിലാണ് ചെന്നിത്തല ഹരിപ്പാട്ട് പൊട്ടുക. അദ്ദേഹത്തിന്റെ അധികാര മോഹമെല്ലാം അതോടെ തീരുകയും ചെയ്യും. ഇതെല്ലാം മുന്നില്‍ കണ്ടാണ് എ വിഭാഗമിപ്പോള്‍ കരുക്കള്‍ നീക്കുന്നത്. അവരെ നയിക്കുന്ന പകയും സോളാര്‍ തന്നെയാണ്.

സരിത, ഉമ്മന്‍ ചാണ്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നില്‍ ഗ്രൂപ്പ് രാഷ്ട്രീയ പകയും,പ്രധാന കാരണമായതായാണ് ‘എ’ വിഭാഗം സംശയിക്കുന്നത്. ചെന്നിത്തലയോട് അടുത്തു എന്ന ഒറ്റ കാരണത്താലാണ് ബെന്നി ബഹന്നാനെ ‘എ’ ഗ്രൂപ്പില്‍ നിന്നും ഒറ്റപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തില്‍ നിന്നും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം തെറിപ്പിച്ചതും ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ടാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി വിഭാഗത്തെ സംബന്ധിച്ച് കണക്ക് തീര്‍ക്കാനുള്ള ഒരു വേദി കൂടിയാണ്. അത് അവര്‍ ശരിക്കും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചാല്‍ ഐ വിഭാഗം നേതാക്കള്‍ക്കാണ് കൂടുതല്‍ പരിക്കേല്‍ക്കുക. അക്കാര്യം എന്തായാലും ഉറപ്പാണ്.

Top