LDF to hold 700km-long ‘human chain’ protest against demonetisation

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ മൂലമുള്ള ദുരിതങ്ങള്‍ പരിഹരിക്കാത്തതിലും, സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് നടത്തിയ മനുഷ്യച്ചങ്ങല പലയിടത്തും മനുഷ്യമതിലായി മാറി.

തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍കോഡ് ടൗണ്‍ വരെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.

തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ നിന്ന് ആരംഭിച്ച മനുഷ്യച്ചങ്ങലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യകണ്ണിയായി. തുടര്‍ന്ന് നേതാക്കളും അണികളുമെല്ലാം പരസ്പരം കണ്ണികളായി ചങ്ങല തീര്‍ത്തു. കേന്ദ്ര നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുത്തു.

20161229_173448

വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍, വി. ശശി, അഡ്വ. എന്‍. രാജന്‍, നീലലോഹിതദാസന്‍, ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി.

കൊല്ലത്ത് പി.കെ.ഗുരുദാസനും ആലപ്പുഴയില്‍ വൈക്കം വിശ്വനും എറണാകുളത്ത് എം.എ.ബേബി, പന്ന്യന്‍ രവീന്ദ്രന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും, തൃശൂരില്‍ ബേബി ജോണും പാലക്കാട് എ.കെ.ബാലനും മലപ്പുറത്ത് എ.വിജയരാഘവനും കോഴിക്കോട് തോമസ് ഐസക്കും കണ്ണൂരില്‍ ഇ.പി.ജയരാജനും കാസര്‍കോട്ട് പി.കരുണാകരനും മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം നല്‍കി.

20161229_173427

വിവിധ ജില്ലകളിലായി സാംസ്‌ക്കാരിക മേഖലയിലേയും, സിനിമ മേഖലയിലേയും പ്രമുഖര്‍ ചങ്ങലയില്‍ കണ്ണികളായി. സ്ത്രീകളുടേയും, കുട്ടികളുടേയും പങ്കാളിത്തം വലിയ രൂപത്തിലുണ്ടായത് ശ്രദ്ധേയമായി.

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ ആലപ്പുഴ ജില്ലയിലാണ് കണ്ണികളായത്. ഇടതുപക്ഷവുമായി സഹകരിക്കുന്ന ജെ.എസ്.എസ്, ഐ.എന്‍.എല്‍, സി.എം.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍. ബാലകൃഷ്ണപിള്ള വിഭാഗം) തുടങ്ങിയ പാര്‍ട്ടികളും മനുഷ്യച്ചങ്ങലയില്‍ പങ്കാളികളായി.

20161229_173507

രാജ്ഭവന് മുന്നില്‍ നിന്നാരംഭിച്ച് ആലപ്പുഴ വഴി തൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോട് ടൗണ്‍ വരെ നീണ്ട ചങ്ങല കേരളത്തിന്റെ സമര ചരിത്രത്തില്‍ മറ്റൊരു ചരിത്രമായി.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള കരുത്ത് ഒരിക്കല്‍കൂടി തുറന്ന് കാട്ടുന്നതായിമാറി മനുഷ്യച്ചങ്ങല.

Top