LDF supported DGP Jacob Thomas

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് കേസിലും ലോകായുക്തയിലും കുരുക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഭരണമാറ്റമുണ്ടായാല്‍ തന്ത്രപ്രധാന തസ്തികയില്‍ വരുന്നത് ഒഴിവാക്കാന്‍.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ വിജിലന്‍സ് മേധാവിയായോ അതല്ലെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിയായോ ജേക്കബ് തോമസ് നിയമിക്കപ്പെടുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, സിപിഎം പിബി അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ ജേക്കബ് തോമസിന്റെ നിലപാടുകളെ ശക്തമായി പിന്‍തുണയ്ക്കുന്നവരാണ്.

അഴിമതിക്കെതിരെ ശക്തമായി നിലപാടെടുത്തതിന് യുഡിഎഫ് സര്‍ക്കാര്‍ നിരന്തരം പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ജേക്കബ് തോമസിന് ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ ‘കീ’ പോസ്റ്റില്‍ നിയമനം നല്‍കണമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. ഇക്കാര്യത്തില്‍ മറ്റ് ഇടത് നേതാക്കള്‍ക്കും തത്ത്വത്തില്‍ യോജിപ്പാണ്.

ജേക്കബ് തോമസിനെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ തന്നെ പരസ്യമായി രംഗത്ത് വന്നത് സിപിഎമ്മിന്റെ ഇക്കാര്യത്തിലുള്ള കര്‍ക്കശ നിലപാടിന്റെ ഭാഗമാണ്.

ലോകായുക്തയില്‍ ജേക്കബ് തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയതും വിജിലന്‍സില്‍ കൂത്ത്പറമ്പ് സ്വദേശി സത്യന്‍ നല്‍കിയ പരാതിയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞ് കൊണ്ട് നല്‍കിയതാണെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.

സംസ്ഥാനത്തെ മുതിര്‍ന്ന രണ്ടാമത്തെ ഐപിഎസ് ഓഫീസറെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.

ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് കള്ളക്കേസില്‍ കുരുക്കിയാലും അത് പുനപരിശോധിക്കുമെന്നും സര്‍ക്കാരിന്റെ ചട്ടുകമായി തെറ്റായ റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൂട്ട് നിന്നാല്‍ അനുഭവിക്കേണ്ടി വരുമെന്നും മുതിര്‍ന്ന സിപിഎം നേതാവ് വ്യക്തമാക്കി.

തുറമുഖ വകുപ്പ് ഡയറക്ടര്‍, കെടിഡിഎഫ്‌സി മാനേജിംഗ് ജയറക്ടര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിക്കവെ ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലോകായുക്തയെ സമീപിച്ചത്.

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് രഹസ്യപരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു.

ഡിജിപിയും ഭാര്യയും ചേര്‍ന്ന് കര്‍ണ്ണാടകയിലെ കൂര്‍ഗില്‍ അനധികൃത ഭൂമി വാങ്ങിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഹര്‍ജിയിലെ മറ്റൊരു ആരോപണം.

വിവാദവ്യവസായിയുമായി ചേര്‍ന്ന് കോഴിക്കോട് സ്വദേശി മോഹന്‍രാജിന്റെ കര്‍ണ്ണാടകയിലെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ശ്രീജിത്തിന് ഐജിയായി പ്രമോഷന്‍ നല്‍കി ‘ആദരിച്ച’ സര്‍ക്കാരാണ് ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമാണ്.

ഫയര്‍സേഫ്ടി നിയമം നടപ്പാക്കിയതും, ബാര്‍കേസിലെ വിജിലന്‍സ് കോടതിവിധി സ്വാഗതം ചെയ്തതുമാണ് ജേക്കബ് തോമസിനെ സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് സര്‍ക്കാര്‍ വിശദീകരണ നോട്ടിസ് നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടിയില്‍ നിന്ന് നിരുപാധികം പിന്മാറുകയായിരുന്നു.

Top