കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണയുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണയുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍ എം.എച്ച്.എം. അഷ്‌റഫ്. കോര്‍പ്പറേഷന്‍ രണ്ട് കൗണ്‍സിലര്‍മാരെ കൂട്ടുപിടിച്ച് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ഇടതുമുന്നണി കൗണ്‍സിലര്‍ എം.എച്ച്.എം. അഷ്‌റഫ് ആരോപിച്ചു.

ജിയോ കേബിള്‍, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് എന്നിവയില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് അഷ്‌റഫ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഷ്‌റഫ് പത്ത് മാസം മുന്‍പ് സിപിഐഎം വിട്ടിരുന്നു. എന്നാല്‍ അഷ്‌റഫിന്റെ ചുവടുമാറ്റം കൊച്ചി കോര്‍പ്പറേഷനില്‍ ഭരണമാറ്റത്തിന് കാരണമായേക്കില്ല. നിലവില്‍ കൊച്ചി കോര്‍പ്പറേഷനില്‍ 32 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എല്‍ഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയുണ്ട്.

അതേസമയം, ജില്ലാ കളക്ടര്‍ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയെന്ന് പ്രതിപക്ഷം അറിയിച്ചു. ടൗണ്‍ പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.

Top