തൃക്കാക്കരയില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയം; എംഎ ബേബി

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടി സ്വീകരിക്കാനൊരുങ്ങി സിപിഐഎം. എല്‍ഡിഎഫിന്റെ വോട്ട് ചോർച്ച നേതൃത്വം പരിശോധിക്കും. സിപിഐഎമ്മിന് ഉണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണി പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവിക നടപടിയാണ്. തോല്‍വിയില്‍ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കില്‍ എം എ ബേബി കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിയെ അട്ടിമറിച്ച് സില്‍വല്‍ ലൈന്‍ പദ്ധതി നടപ്പിലാക്കില്ല. പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാകും. ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും എം എ ബേബി വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധിയാണ് വലുതെന്ന് നേരത്തെ സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. തൃക്കാക്കരയിലെ ജനവിധി കെ റെയിലിന് എതിരായ വിധി കൂടിയാണെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം എന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന.

Top