തൃക്കാക്കര നഗരസഭ സെക്രട്ടറിയെ പീഡിപ്പിക്കുന്നതിനെതിരെ എൽഡിഎഫ് സമരം

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണസമിതിക്കെതിരെ പ്രതിപക്ഷം സമരത്തിന്. ചെയർപേഴ്സൺ അജിത തങ്കപ്പൻ അടക്കമുള്ളവർക്കെതിരെ പോലീസിൽ പരാതി നൽകിയ സെക്രട്ടറിയെ യുഡിഎഫി ഭരണസമിതി പീഡിപ്പിക്കുന്നതിന് എതിരെയാണ് സമരം. നാളെ നഗരസഭാ കവാടത്തിന് മുന്നിൽ പ്രതിപക്ഷത്തെ എൽഡിഎഫിന്റെ 18 കൗൺസിലർമാർ കിടപ്പു സമരം നടത്തും. രാവിലെ 9 30ന് സമരം തുടങ്ങും.

ജീവന് ഭീഷണിയുണ്ടെന്ന സെക്രട്ടറി ബി അനിൽകുമാറിന്റെ പരാതിയിൽ തൃക്കാക്കര പോലീസ് നാളെ ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കും. കൗൺസിലർ ഷാജി വാഴക്കാല അടക്കം മൂന്നുപേരിൽ നിന്ന് വധഭീഷണി ഉണ്ടെന്നാണ് സെക്രട്ടറി നൽകിയ പരാതി. സെക്രട്ടറിയെ ഉപയോഗിച്ച് പ്രതിപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ഭരണപക്ഷം ആരോപിക്കുന്നു.

ചെയർപേഴ്സൻ അജിത തങ്കപ്പൻ ക്യാബിനിലേക്ക് വിളിച്ചുവരുത്തുകയും ഷാജി വാഴക്കാല അടക്കമുള്ള കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നുമാണ് നഗരസഭ സെക്രട്ടറി ബി അനിൽ കുമാർ തൃക്കാക്കര പോലീസിനും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും നൽകിയ പരാതിയിൽ പറയുന്നത്. കൗൺസിൽ എടുക്കുന്ന ക്രമവിരുദ്ധമായ തീരുമാനങ്ങളിൽ ഒപ്പിടാത്തതിനാലാണ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതെന്നും സെക്രട്ടറി പറയുന്നു. ഒരേക്കറിൽ അധികം പുറമ്പോക്ക് ഭൂമി കൈയ്യേറിയ വൻകിട ഫ്ലാറ്റ് കമ്പനിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നിയമോപദേശം തേടാനുള്ള ഭരണസമിതി തീരുമാനം താൻ ചോദ്യം ചെയ്തിരുന്നുവെന്നും ഇതാണ് വിരോധത്തിന് കാരണം. വിവിധ പദ്ധതികളുടെ നടത്തിപ്പിലും ബില്ലുകളിലും ക്രമക്കേടുകളുണ്ട്. ഇക്കാര്യത്തിൽ ഫയൽ പരിശോധിക്കാതെ ഒപ്പിടാനാകില്ലെന്ന് താൻ നിലപാടുത്തിരുന്നുവെന്നും അനിൽ പറയുന്നു.

എന്നാൽ സെക്രട്ടറിയുടെ ആരോപണം കോൺഗ്രസിന്റെ അംഗവും ചെയർപേഴ്സണുമായ അജിത തങ്കപ്പൻ തള്ളുന്നു. പ്ലാൻഫണ്ട് വിഹിതം അടക്കം ചെലവഴിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ഫയലുകൾ നിസ്സാര കാരണം പറഞ്ഞ് തടയുകയാണെന്നുമാണ് സെക്രട്ടറിക്കെതിരായ കുറ്റപ്പെടുത്തൽ.സെക്രട്ടറിയാണ് ചെയർപേഴ്സണോട് തട്ടിക്കയറിയതെന്ന് ആരോപണവിധേയനായ കൗൺസിലർ ഷാജി വാഴക്കാലയും പ്രതികരിച്ചു.

കോടികളുടെ നികുതി വരുമാനവും വൻ പ്ലാൻ ഫണ്ട് വിഹിതവുമുള്ളതാണ് തൃക്കാക്കര നഗരസഭ. ഓണക്കിഴി വിവാദമടക്കം പല തീരുമാനങ്ങളിലും നഗരസഭയിലെ യുഡിഎഫ് ഭരണസമിതി അന്വേഷണം നേരിടുന്നുണ്ട്. ഇതിനിടയിലാണ് സെക്രട്ടറിയും ഭരണസമിതിയും തമ്മിൽ പുതിയ ഫയൽ പോരും ഉണ്ടായിരിക്കുന്നത്.

Top