വെള്ളാപ്പള്ളിയുടെ പിന്തുണ ഏശിയിട്ടില്ല, പാലായിലെ കണക്കുകൾ അത് പറയും . . .

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിക്കും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും ‘നനഞ്ഞ പടക്കമായിപ്പോയ’ തിരഞ്ഞെടുപ്പ് വിധിയാണ് പാലായിലേത്. അഞ്ചരപ്പതിറ്റാണ്ടായി കെ.എം. മാണി കൈവശം വച്ചിരുന്ന ഈ യു.ഡി.എഫ് കോട്ട തകര്‍ത്തത് ഇടതുപക്ഷത്തിന്റെ മാത്രം കരുത്തിലാണ്.

മാണി സി കാപ്പന് വെള്ളാപ്പള്ളി നടേശന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു വോട്ട് പോലും കൂടുതല്‍ കിട്ടിയിട്ടില്ല. കണക്കുകള്‍ വ്യക്തമാക്കുന്നതും അതുതന്നെയാണ്. 2016ല്‍ നേടിയ അതേ വോട്ടുകളാണ് മാണി സി കാപ്പന്‍ ഏതാണ്ട് നിലനിര്‍ത്തിയിരിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് അട്ടിമറി വിജയത്തിന് കളമൊരുക്കിയിരുന്നത്.

ബി.ജെ.പിയുടെ ഒരു വിഭാഗം വോട്ടുകള്‍ ലഭിച്ചിട്ട് പോലും യു.ഡി.എഫിന് ഉണ്ടായത് വലിയ തിരിച്ചടിയാണ്. 7,690 വോട്ടുകളാണ് കേരള കോണ്‍ഗ്രസ്സ് തമ്മിലടിയില്‍ അവര്‍ക്ക് നഷ്ടമായത്. പൊതു സമൂഹം രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തികളെ എങ്ങനെ നോക്കി കാണുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിധി.

ബി.ജെ.പിയെ സംബന്ധിച്ച് ബി.ഡി.ജെ.എസുമായുള്ള സഖ്യവും നഷ്ടകച്ചവടമായ കാഴ്ചയാണ് പാലായില്‍ കണ്ടത്. ഒറ്റയടിക്ക് 6, 777 വോട്ടുകളാണ് ഇവിടെ ബി.ജെ.പിക്ക് കുറഞ്ഞിരിക്കുന്നത്. വോട്ട് മറിക്കല്‍ വിവാദത്തില്‍ മണ്ഡലം ഭാരവാഹിയെ സസ്‌പെന്റ് ചെയ്തിടുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ടുകള്‍ നഷ്ടപ്പെടാന്‍ മറ്റു ചില കാരണങ്ങള്‍ കൂടി ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും രണ്ട് നിലപാടുകള്‍ സ്വീകരിക്കുന്നത് അവരുടെ അണികളില്‍ തന്നെ കണ്‍ഫ്യൂഷന് കാരണമായിട്ടുണ്ട്. പൊതു സമൂഹത്തിലും ഈ അവസരവാദ നിലപാടുകള്‍ക്ക് വലിയ അവമതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി നല്‍കിയ ക്രിമിനല്‍ കേസ് അജ്മാന്‍ കോടതി തള്ളിയെങ്കിലും ഇതു സംബന്ധമായി നാട്ടില്‍ പ്രചരിച്ച വാര്‍ത്തകള്‍ ഉള്ള വോട്ടും ചോര്‍ത്തി കളഞ്ഞോ എന്ന സംശയം ബി.ജെ.പി നേതൃത്വത്തിലും ഉയര്‍ന്നു കഴിഞ്ഞു.

ബി.ഡി.ജെ.എസിനെ ഒപ്പം നിര്‍ത്താതെ ഒറ്റക്ക് മത്സരിച്ചിരുന്നു എങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്ന അഭിപ്രായവും കാവി പടയിലിപ്പോള്‍ സജീവമാണ്. കേന്ദ്രത്തെ പിണക്കാതിരിക്കാന്‍ മകനെ എന്‍.ഡി.എയില്‍ നിര്‍ത്തുകയും, പിണറായിയെ പിണക്കാതിരിക്കാന്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയുടെ നിലപാടും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. സംഘപരിവാര്‍ അണികളില്‍ മാത്രമല്ല, സി.പി.എം അണികളിലും ഇക്കാര്യത്തില്‍ വലിയ രോഷമാണ് ഉയര്‍ന്നിരിക്കുന്നത്.

ഈഴവ വിഭാഗത്തിലെ ഭൂരിപക്ഷവും പരമ്പരാഗതമായി പിന്തുണച്ച് വരുന്നത് ഇടതുപക്ഷത്തെയാണ്. വെള്ളാപ്പള്ളിയുടെ പിന്തുണ കൊണ്ട് ഉള്ള വോട്ടും കളയരുതെന്നാണ് സി.പി.എം അനുഭാവികളും നേതൃത്വത്തേട് നിലവില്‍ ആവശ്യപ്പെടുന്നത്.എങ്ങനെയും ബി.ഡി.ജെ.എസിനെ ഇടതുപക്ഷത്ത് കെട്ടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും ശക്തമാണ്. ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന് എതിരായ നിലപാടായിരിക്കും അത്തരമൊരു സാഹസമെന്നാണ് ഇടത് ബുദ്ധിജീവികളും മുന്നറിയിപ്പ് നല്‍കുന്നത്.

സ്ഥാനമാനങ്ങള്‍ക്കും അധികാര രാഷ്ട്രീയത്തിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം എന്ന് ഓര്‍മ്മിപ്പിച്ചാണ് ഇടതു ചിന്തകരുടെ ഈ പ്രതികരണം. സ്ഥാനമാനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ മാറ്റി നിര്‍ത്തുന്നതാകും നല്ലതെന്നാണ് ഇടത് ഘടകകക്ഷികളുടെയും നിലപാട്.തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന നിലപാട് തന്നെ മാറ്റേണ്ട കാലം അതിക്രമിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ശേഷിയുള്ള സി.പി.എം ആ നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നതാണ് അവര്‍ ആവശ്യപ്പെടുന്നത്.

ജാതി – മത ശക്തികളുടെ വോട്ട് വേണ്ട എന്ന ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ട് മാത്രമാണ് അഴീക്കോടു പോലുള്ള മണ്ഡലത്തില്‍ നിന്നും കെ.എം ഷാജിക്ക് തുടര്‍ച്ചയായി വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ തവണ എം.വി നികേഷ് കുമാറുമായി തീ പാറുന്ന മത്സരം നേരിടേണ്ടി വന്നിട്ടും ഈ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കരുത്തായിരുന്നത് തീവ്ര ശക്തികള്‍ക്കെതിരായ ഉറച്ചനിലപാടുകളായിരുന്നു. യു.ഡി.എഫിലെ മറ്റ് നേതാക്കളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുരോഗമന നിലപാടായിരുന്നു അത്. അതു കൊണ്ടാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ പോലും ഇപ്പോഴും കെ.എം ഷാജിക്ക് വിജയം സാധ്യമാകുന്നത്. മുസ്ലീം ലീഗില്‍ നിന്നു കൊണ്ടാണ് അദ്ദേഹത്തിന് അത് സാധിക്കുന്നത് എന്നത് വിചിത്രമായ ഒരു കാര്യം കൂടിയാണ്.

ഏത് സമുദായത്തിന്റെ പേരില്‍ ആര് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചാലും അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. അതില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യമാസമുണ്ടാകരുത്. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുകള്‍ക്കാണ് വലിയ പങ്ക് വഹിക്കാനുള്ളത്. ജന്മിത്വത്തിനും ജാതീയതക്കും മത ഭ്രാന്തന്‍മാര്‍ക്കുമെതിരെ പോരാടിയ കരുത്താണ് ഇടതുപക്ഷത്തിന്റെ അടിത്തറ. ഈ നയത്തില്‍ നിന്നും വ്യതിചലിച്ചാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തെയും കേരളം കൈവിടും. രാഷ്ട്രീയ കേരളം ഒരിക്കലും ജാതി- മത ശക്തികളെ പാലൂട്ടി വളര്‍ത്താന്‍ ആഗ്രഹിക്കുകയില്ല. പ്രബുദ്ധരായ ജനതയാണ് ഈ നാടിന്റെ സമ്പത്ത്.

എസ്.എന്‍.ഡി.പി യോഗം എന്തിനു വേണ്ടിയാണോ രൂപീകരിച്ചത് അതിന് നേര്‍ വിപരീത നിലപാടുകളാണ് ഇപ്പോള്‍ വെളളാപ്പള്ളി നടേശന്‍ സ്വീകരിച്ച് വരുന്നത്. ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയുടെ ഉദയം തന്നെ എന്തിനു വേണ്ടിയായിരുന്നു എന്നും ഇടതുപക്ഷ നേതാക്കള്‍ മറന്ന് പോകരുത്.

ഗുരു സന്ദേശങ്ങള്‍ക്ക് നേരെ വിപരീതമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി , ശ്രീനാരായണ ധര്‍മ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്എന്‍ഡിപി യോഗത്തിന്റെ ബാധ്യതയാണിപ്പോള്‍. യോഗം ജനറല്‍ സെക്രട്ടറിപദം സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും സ്വന്തം നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഇവിടെ ചവിട്ടിമെതിക്കപ്പെടുന്നത് ശ്രീനാരായണ ദര്‍ശനങ്ങളാണ്.

വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസിനും ‘ഇല്ലാത്ത’ സ്വാധീനം ഇടതുപക്ഷമായിട്ട് ഇനി ഉണ്ടാക്കി കൊടുക്കരുത്. അവര്‍ക്കൊപ്പം കൂടിയതിന് കൂടിയാണ് ബി.ജെ.പി ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Political Reporter

Top