ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരേ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ച് ഇന്ന് നടക്കും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന മാർച്ചിൽ ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കും. ഗവർണർ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ കൈകടത്തുന്ന ഗവർണർമാർക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജഭവൻ മാർച്ച് മാറുമെന്നാണ് ഇടതുപാർട്ടികളുടെ കണക്കുകൂട്ടൽ.

ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജ്ഭവനു മുന്നിലേക്ക് എൽഡിഎഫ് മാർച്ചു സംഘടിപ്പിക്കുന്നത്. കേരളത്തിനെതിരായ നീക്കം ചേർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ. ഒരുലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ആർഎസ്എസിന്റെ ചട്ടുകമാകുകയാണെന്നാണ് ആരോപണം. ശക്തമായ ജനരോഷം മാർച്ചിലൂടെ പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.

Top