LDF plans human chain against demonetisation on December 29

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്ത് ഏറ്റവുമധികം ജനങ്ങളെ തെരുവിലിറക്കി ചരിത്രം സൃഷ്ടിക്കാന്‍ സിപിഎം…

നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ഡിസംബര്‍ 29ന് തിരുവനന്തപുരത്ത് രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.

കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മനുഷ്യമതില്‍ കെട്ടി അളക്കാന്‍ സിപിഎമ്മിനും വര്‍ഗ്ഗബഹുജന സംഘടനകള്‍ക്കും മാത്രമേ കഴിയുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് 29ലെ മനുഷ്യച്ചങ്ങലയിലൂടെ സിപിഎം.

നോട്ട് അസാധുവാക്കലില്‍ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ പലവട്ടം മലക്കം മറിഞ്ഞതിനാല്‍ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്ത് ശക്തമായ പ്രക്ഷോഭവവുമായി മുന്നോട്ട് പോകാന്‍ കേരളത്തില്‍ നടക്കുന്ന മനുഷ്യച്ചങ്ങല സിപിഎമ്മിന് പിടിവള്ളിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബംഗാളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് ശേഷം ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികളെ സംഘടിപ്പിക്കുന്നതില്‍ നിന്നും പിന്നോട്ട് പോയ സിപിഎം നേതൃത്വം നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യം ശക്തമായി മുന്നോട്ട് പോയാലേ മോദി സര്‍ക്കാരിനെ ചെറുക്കാന്‍ കഴിയുവെന്ന തിരിച്ചറിവിലാണ്.

വരുംദിവസങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.

യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍,മുലായംസിങ്ങ് യാദവ്, ലാലുപ്രസാദ് യാദവ്, ശരത് യാദവ് തുടങ്ങി കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി വളരെ അടുത്ത ബന്ധം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുണ്ട്.

മുന്‍സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത് ദേശീയ രാഷ്ട്രീയത്തിലെ കിംങ് മേക്കറായി വിലസിയ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായി കൂടിയായിരുന്നു യെച്ചൂരി.അദ്ദേഹം പ്രതിപക്ഷ കോ-ഓര്‍ഡിനേഷന് മുന്‍കൈ എടുക്കണമെന്ന ആവശ്യം ചില പ്രതിപക്ഷ നേതാക്കള്‍ നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നതാണ്.

ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന മനുഷ്യചങ്ങല വന്‍വിജയമായാല്‍ അത് സിപിഎമ്മിനെ സംബന്ധിച്ച് പുതിയ ഊര്‍ജ്ജമാണ് പകര്‍ന്ന് നല്‍കുക.

തലസ്ഥാനത്ത് നിന്ന് തുടങ്ങി ആലപ്പുഴ വഴി തൃശ്ശൂര്‍, ചെറുത്തുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോഡ് ടൗണ്‍ വരെയാണ് ചങ്ങല. അന്നേദിവസം വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് നിന്ന് ദേശീയപാതയുടെ ഇടതുവശത്തായാണ് (പടിഞ്ഞാറ് ഭാഗം) പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കൈകള്‍ കോര്‍ത്ത് നില്‍ക്കുക. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയിലാണ് ചങ്ങലയില്‍ കണ്ണികളാകുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രത്യേകമായും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

Top