കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടി ഇടത് എം.പിമാര്‍; ഉദ്ദേശം കത്തില്‍ വ്യക്തം

ന്യൂഡല്‍ഹി: ഇടത് എം.പിമാര്‍ കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടി കശ്മീര്‍ ആഭ്യന്തര വകുപ്പിന് കത്തയച്ചു. രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ടി കെ രംഗരാജന്‍, ബിനോയ് വിശ്വം എന്നിവരാണ് അനുമതി തേടിയത്. വീട്ടു തടങ്കലില്‍ കഴിയുന്ന ലോക്സഭാ അംഗം ഫറൂഖ് അബ്ദുള്ള, സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരെ കാണുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം. ഇവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നതിനും സൗഹൃദ സംഭാഷണം നടത്തുകയുമാണ് ഉദ്ദേശമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലിന്‍ കാബ്രയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഘട്ടംഘട്ടമായി മാത്രമെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാകു എന്ന് കഴിഞ്ഞ തവണ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Top