Ldf ministers personal staff appoinment

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലെ ‘അവതാരങ്ങളെ’ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി കര്‍ശനമാക്കി.

പേഴ്‌സനല്‍ സ്റ്റാഫിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങള്‍ പരിശോധിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലോക്കല്‍ സ്‌റ്റേഷനുകളിലെ അന്വേഷണത്തിനു പുറമേയാണിത്.

നടപടികള്‍ കര്‍ശനമാക്കിയതോടെ, സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോഴും പഴ്‌സനല്‍ സ്റ്റാഫുകളുടെ നിയമനം കാര്യമായി നടന്നിട്ടില്ല.
പ്രൈവറ്റ് സെക്രട്ടറിമാരുടെയും ഓഫിസ് അറ്റന്‍ഡര്‍മാരുടേയും നിയമനം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. മിക്ക മന്ത്രിമാരും സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍, അഡീ. സെക്രട്ടറിമാര്‍, പേഴ്‌സനല്‍ അസിസ്റ്റന്റ് എന്നിവരെ തിരഞ്ഞെടുത്തിട്ടില്ല.

നേരത്തെ, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴെല്ലാം ഏരിയ കമ്മിറ്റി തലത്തില്‍നിന്ന് പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനായി വരുന്ന ലിസ്റ്റുകള്‍ ജില്ലാ കമ്മിറ്റി അംഗീകരിച്ചാല്‍ നിയമനം നടത്തുകയായിരുന്നു പതിവ്. മന്ത്രിമാരുടെ വ്യക്തിപരമായ താത്പര്യങ്ങളും മുഖവിലക്കെടുത്തിരുന്നു. എന്നാല്‍!, ഇത്തവണ രീതികള്‍ മാറി.

ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന പട്ടിക സംസ്ഥാന തലത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനുശേഷം സര്‍ക്കാരിന് കൈമാറിയ ലിസ്റ്റ് പരിശോധനയ്ക്കായി വീണ്ടും പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും കൈമാറുകയായിരുന്നു. ഈ മാസം പകുതിയോടെ മാത്രമേ നിയമനങ്ങള്‍ പൂര്‍ത്തിയാകൂ.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിലുള്ളവര്‍ക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയത്.

പേഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 25 ആയി നിജപ്പെടുത്താനും 60 വയസുകഴിഞ്ഞവരെ സ്റ്റാഫായി പരിഗണിക്കേണ്ടെന്നും എല്‍ഡിഎഫ് തീരുമാനമെടുത്തിരുന്നു.

സര്‍ക്കാര്‍ സര്‍വീസിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാകണം പ്രഥമ പരിഗണനയെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പത്താം ക്ലാസ് ജയിക്കാത്ത 20 പേരാണ് വിവിധ മന്ത്രിമാരുടെ സ്റ്റാഫില്‍ ഉണ്ടായിരുന്നത്.

Top