ldf minister avoid police escort

തിരുവന്തപുരം: മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരുടെയും പൈലറ്റും എസ്‌കോര്‍ട്ടും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൈലറ്റും എസ്‌കോര്‍ട്ടും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് യാത്രകള്‍ക്ക് പൈലറ്റ് വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ അവലോകനസമിതിയാണ് ഈ തീരുമാനമെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഏര്‍പ്പെടുത്തിയിരുന്ന കാറ്റഗറി സുരക്ഷയും പിന്‍വലിച്ചു.

തലസ്ഥാനത്തെ യാത്രകള്‍ക്ക് വാഹനത്തില്‍ ഗണ്‍മാനല്ലാതെ മറ്റാരും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മറ്റു മന്ത്രിമാരുടെയും തീരുമാനം ഇതുതന്നെയാണ്. തന്റെ സുരക്ഷ പിന്‍വലിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കാറ്റഗറി സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം.

പ്രതിപക്ഷ നേതാവായിരിക്കെ വിഎസ് അച്യുതാനന്ദന് ലഭിച്ച അത്രയും സുരക്ഷ രമേശ് ചെന്നിത്തലയ്ക്കും നല്‍കില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ആറു പൊലീസുകാരെയും പിന്‍വലിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സിഐഎസ്എഫ് സുരക്ഷ തുടരും.

വിഐപികള്‍ക്ക് അകമ്പടി സേവിക്കേണ്ടതിനാല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആവശ്യത്തിനു പൊലീസുകാരില്ലെന്ന വിമര്‍ശനം വ്യാപകമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാകട്ടെ ചോദിക്കുന്നവര്‍ക്കെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വാരിക്കോരി കൊടുത്തിരുന്നു.

ഇങ്ങനെ അഞ്ഞൂറിലധികം പൊലീസുകാരാണ് ഉന്നതരുടെ കാവല്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്നത്. ഇവരെല്ലാം പൊലീസ് സേനയിലേക്ക് മടങ്ങിയെത്തും.

ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണു പൊലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നും തനിക്കേര്‍പ്പെടുത്തിയ പൊലീസ് കമാന്‍ഡോ സുരക്ഷ പിന്‍വലിക്കണമെന്നും പിണറായി വിജയന്‍ നേരത്തേ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോടു നിര്‍ദ്ദേശിച്ചിരുന്നു.

പൊലീസ് എസ്‌കോര്‍ട്ടും ചുവന്ന ബീക്കണ്‍ ലൈറ്റും ശല്യമാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പറഞ്ഞിരുന്നു. രാവിലെ മുതല്‍ രാത്രിവരെ പൊലീസുകാര്‍ പിന്തുടരുകയാണെന്നാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറയുന്നത്.

മൂത്രമൊഴിക്കാന്‍ പോലും അനുവദിക്കാത്ത വിധത്തിലാണ് അകമ്പടി, ഗാര്‍ഡ് വേറേയും. ഇതെല്ലാം മാറ്റേണ്ട സമയമായി എന്നാണ് മന്ത്രിയുടെ പക്ഷം.

സമാന നിലപാട് തന്നെയാണ് മറ്റ് മന്ത്രിമാക്കും ഉള്ളത്. മന്ത്രി സുനില്‍കുമാര്‍ പൊലീസ് അകമ്പടിയൊന്നും ഇല്ലാതെ കാല്‍നടയായി പോകുന്നതിന്റെ ചിത്രവും പുറത്ത് വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയുമായി.

Top