ഇടതുപക്ഷത്തെ കേരളം കൈവിടില്ലന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് വിജയം ; സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. വിജയിച്ച സ്ഥാനാര്‍ത്ഥികളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. 22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്നില്‍പ്പോയ പല വാര്‍ഡുകളിലും എല്‍ഡിഎഫ് ഇത്തവണ വന്‍മുന്നേറ്റം ഉണ്ടാക്കി. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച 8 വാര്‍ഡുകളില്‍ ഇത്തവണ എല്‍ഡിഎഫ് വിജയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മാന്താട് വാര്‍ഡ് യുഡിഎഫില്‍ നിന്നും 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ്, യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. ബിജെപിയ്ക്ക് ഇവിടെ 9 വോട്ടാണ് ലഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ഏഴു പഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ രണ്ടെണ്ണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. നാവായിക്കുളം ഇടമണ്ണില്‍ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 115 വോട്ടിനാണ് വിജയം. എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളില്‍ ഒരെണ്ണം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ വാര്‍ഡുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ എല്‍ഡിഎഫിന് വര്‍ധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്ക്കാലികമാണെന്ന് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് സിപിഐ എം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തോട് യാതൊരു ശത്രുതയും ഈ ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്നില്ല. കുറവുകള്‍ കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിപിഐ എം തുടര്‍ന്നും നടത്തും. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരേയും അഭിവാദ്യം ചെയ്യുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Top