ldf leaders against sakkir hussain

കൊച്ചി : മുന്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും നിലവില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ സക്കീര്‍ ഹുസൈനെതിരെ ഇടത് പക്ഷത്ത് പ്രതിഷേധം ശക്തമാകുന്നു.

വ്യവസായിയെ തട്ടികൊണ്ട് പോയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സക്കീര്‍ ഹുസൈനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും മാറ്റാതെ നേതൃസ്ഥാനത്ത് തുടരാന്‍ അനുവദിച്ച പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റ നടപടിയിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.

പാര്‍ട്ടി ഭരണത്തില്‍ തന്നെ നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ സക്കീറിന്റെ കേസ് സംബന്ധിച്ച് എന്ത് വിശദീകരണം നല്‍കിയാലും പൊതുസമൂഹവും അണികളും അത് അംഗീകരിക്കാന്‍ തയ്യാറാകില്ലന്നും പാര്‍ട്ടി പരിപാടികളില്‍ നിന്ന് സക്കീറിനെ മാറ്റി നിര്‍ത്തണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

നിരപരാധിയാണെങ്കില്‍ ഇതുസംബന്ധമായ അന്വേഷണം പൂര്‍ത്തിയായി ചാര്‍ജ്ജ് ഷീറ്റ് കൊടുക്കുന്ന ഘട്ടത്തിലൊ അതല്ലങ്കില്‍ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചതിന് ശേഷമോ മാത്രം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്താല്‍ മതിയെന്നാണ് ഇടത് നേതാക്കള്‍ക്കിടയിലേയും അണികള്‍ക്കിടയിലേയും വികാരം.

അതല്ലങ്കില്‍ പെതു സമൂഹത്തിനിടയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ചീത്തപേരുണ്ടാകുമെന്നും പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നു.

നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി സൗത്ത് കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനകീയ സദസില്‍ സക്കീര്‍ ഹുസൈന്‍ പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ജില്ലയിലെ പാര്‍ട്ടിക്കകത്തെ ഭിന്നത മറ നീക്കി പുറത്ത് വന്നിരിക്കുന്നത്.

ജനകീയ സദസ്സില്‍ സക്കീര്‍ ഹുസൈന്‍ പങ്കെടുത്തതോടെ സിപിഐ നേതാക്കള്‍ വേദി വിട്ടിരുന്നു. സക്കീര്‍ ഹുസൈന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ വേദിയില്‍നിന്ന് സിപിഎം നേതാക്കളും സിപിഐ നേതാക്കളും ഓരോരുത്തരായി ഇറങ്ങി പോവുകയായിരുന്നു.

പരസ്യമായി നടന്ന ഈ ബഹിഷ്‌കരണം ഇടതുപക്ഷത്തിന് ആകെ നാണക്കേടായിരിക്കുകയാണ്.

സക്കീര്‍ ഹുസൈനോടൊപ്പം വേദി പങ്കിടേണ്ടതില്ലന്ന പാര്‍ട്ടി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി ബഹിഷ്‌കരിച്ചതെന്നാണ് സിപിഐ നേതാക്കള്‍ വ്യക്തമാക്കുന്നത്.

ചടങ്ങില്‍ പങ്കെടുത്ത സിപിഎം നേതാവും സിഐടിയു മേഖല സെക്രട്ടറിയുമായ മുജീബ് റഹ്മാന്‍, എന്‍.സി.പി നേതാവ് അബ്ദുള്‍ കരിം തുടങ്ങിയ നേതാക്കളും സക്കീര്‍ ഹുസൈന്‍ വേദിയിലെത്തിയപ്പോള്‍ ഇറങ്ങിപ്പോയിരുന്നു.

പരിപാടി ഉത്ഘാടനം ചെയ്ത പ്രമുഖ നേതാവ് എ.എം യൂസഫിന്റെ പ്രസംഗം പുരോഗമിക്കുന്നതിനിടെയാണ് സക്കീര്‍ ഹുസൈന്‍ വേദിയിലെത്തിയത്. ഇതോടെ യൂസഫും പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ പ്രസംഗം ആരംഭിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കേസിന്റെ പശ്ചാതലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത സിപിഎം ജില്ലാ കമ്മിറ്റി യോഗമാണ് സക്കീര്‍ ഹുസൈനെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും മാറ്റേണ്ടതില്ലന്ന് തിരുമാനിച്ചിരുന്നത്.

അതുകൊണ്ട് തന്നെ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമെന്ന നിലയില്‍ സ്വാഭാവികമായും പാര്‍ട്ടിയുടെയും മുന്നണിയുടെയും യോഗങ്ങളില്‍ പങ്കെടുക്കാനും ഉത്ഘാടകനാകാനുമൊന്നും സാങ്കേതികമായി തടസവുമില്ല.

എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കാന്‍ പറ്റില്ലന്ന് കൂടി നേതാക്കളും, അണികളും വ്യക്തമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ സക്കീര്‍ ഹുസൈന്റെ തട്ടകമായ കളമശ്ശേരിയില്‍ തന്നെ അരങ്ങേറിയിരിക്കുന്നത്.

ഈ സംഭവം സിപിഎമ്മിലും, മുന്നണിക്കകത്തും വന്‍ വിവാദത്തിനാണ് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്.

Top