യോജിക്കാന്‍ സാധിക്കുന്ന മുന്നണിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമെന്ന് വീരേന്ദ്രകുമാര്‍

VIRENDAR

തിരുവനന്തപുരം: ആശയപരമായി യോജിച്ചു പോകാന്‍ സാധിക്കുന്ന മുന്നണിയിലേയ്ക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍. എല്‍ഡിഎഫ് ബന്ധം സീറ്റിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് കക്ഷികളെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്താന്ത്രിക് ജനദാതള്‍, കേരള കോണ്‍ഗ്രസ്(ബി) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേര്‍ന്നിരുന്നു. യോഗത്തിലാണ് തീരുമാനമായത്. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു. വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

മുന്നണി പ്രവേശനത്തെ തറവാട്ടിലേയ്ക്കുള്ള മടക്കമെന്നാണ് എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞത്. മുന്നണി പ്രവേശനത്തില്‍ എല്ലാ നേതാക്കളെയും സന്തോഷം അറിയിക്കുന്നുവെന്നും ജെഡിഎസുമായുള്ള ലയനത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും ഉപാധികളുടെ പേരിലല്ല ഇടതു മുന്നണിയില്‍ ചേര്‍ന്നതെന്നും സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top