എല്‍ഡിഎഫ് ജനജാഗ്രത യാത്രക്ക് ഇന്ന് സമാപനം: തൃശൂരിലും എറണാകുളത്തും സമാപന സമ്മേളനം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നയിക്കുന്ന ജനജാഗ്രത യാത്രകള്‍ ഇന്ന് സമാപനമാകും.

ഒക്ടോബര്‍ 20നാണ് ഇരുവരും നയിക്കുന്ന വടക്കന്‍ തെക്കന്‍ മേഖലാ ജാഥകള്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും വര്‍ഗീയതയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു യാത്ര.

കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ യാത്ര എറണാകുളത്തും, കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ യാത്ര തൃശൂരുമാണ് സമാപിക്കുക.

എറണാകുളത്ത് മന്ത്രി തോമസ് ഐസക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

വടക്കന്‍ മേഖലാ ജാഥ മഞ്ചേശ്വരത്ത് സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയും, കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്തത്.

ബിജെപി ആര്‍എസ്എസ് വ്യാജ പ്രചരണങ്ങള്‍ തുറന്നുകാട്ടുന്നതിനൊപ്പം, ഇടതുമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ ജനങ്ങളോട് വിശദീകരിച്ചുമായിരുന്നു നേതാക്കളുടെ യാത്ര.

കാനം രാജേന്ദ്രന്റെ തെക്കന്‍ മേഖലാ ജാഥയില്‍ തോമസ് ചാണ്ടിയും ഭൂമി കൈയേറ്റവുമാണ് ചര്‍ച്ചയായത്. ഭൂമി കൈയേറ്റ വിഷയത്തില്‍ നേതാക്കള്‍ തമ്മിലുള്ള പരസ്യമായ വാക്‌പോരിന് കൂടി ജനജാഗ്രത യാത്ര വേദിയായി. റവന്യൂ അന്വേഷണ സംഘത്തെ മന്ത്രി തോമസ് ചാണ്ടി പരസ്യമായി വെല്ലുവിളിച്ചപ്പോള്‍ ജനജാഗ്രതാ യാത്രയുടെ വേദി വെല്ലുവിളിക്കുള്ളതല്ലെന്ന് കാനം മുന്നറിയിപ്പ് നല്‍കി. ജനജാഗ്രതാ യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ വേദിയിലാണ് മുന്നണിയിലെ അസ്വാരസ്യം പുറത്തുവന്നത്.

Top