കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ; എല്‍ഡിഎഫ് മനുഷ്യ ചങ്ങല ഇന്ന്

തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയര്‍ത്തിക്കാട്ടി എഴുപത് ലക്ഷം പേരെ അണിനിരത്തുന്ന എല്‍ഡിഎഫ് മനുഷ്യചങ്ങല ഇന്ന്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയാണ് എല്‍ഡിഎഫ് മനുഷ്യശൃംഖല തീര്‍ക്കുന്നത്.

പൗരത്വവിഷയത്തിലൂന്നിയുള്ള കേന്ദ്രവിരുദ്ധ ശൃംഖലയില്‍ യുഡിഎഫ് അണികളെയും എല്‍ഡിഎഫ് സ്വാഗതം ചെയ്യുന്നു.

ഗവര്‍ണ്ണറുമായി ഏറ്റുമുട്ടല്‍ തുടരുമ്പോഴും രാജ്ഭവന് മുന്നില്‍ ശൃംഖല എത്തില്ല. കാസര്‍കോട് എസ് രാമചന്ദ്രന്‍ പിള്ള മനുഷ്യശൃംഖലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയില്‍ കണ്ണിചേരും കളിയിക്കാവിളയില്‍ എംഎ ബേബി ശൃംഖലയില്‍ അവസാന കണ്ണിയാകും.

ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എല്‍ഡിഎഫ് ദേശീയപാതയില്‍ മനുഷ്യശൃംഖല തീര്‍ക്കും.

കേന്ദ്രവിരുദ്ധ സമരങ്ങളില്‍ ആദ്യം മുഖ്യമന്ത്രിയുമായി കൈകോര്‍ത്ത യുഡിഎഫ് മനുഷ്യ ശൃംഖലയെ എതിര്‍ക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. വലിയ അളവില്‍ ലീഗ് അണികളെ സിപിഎം ലക്ഷ്യമിടുമ്പോള്‍ ശൃംഖലയോട് പരസ്യമായ നിസഹകരണം ലീഗ് നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു.

കേന്ദ്രവിരുദ്ധ നിലപാടുകള്‍ മുഖ്യമന്ത്രി ശക്തമാക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം സിപിഎം പ്രതീക്ഷിക്കുന്നു. ഒപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ മതസംഘടനകള്‍ തിരിച്ചും എല്‍ഡിഎഫ് ക്ഷണമുണ്ട്.

Top