വി.എസിന്റെ പാതയിൽ പിണറായിയും ! ജനകീയ ഹീറോയായി മുന്നോട്ട് . . .

യു.ഡി.എഫിന്റെ അവസാന മുഖ്യമന്ത്രിയായി മാറുമോ ഇനി ഉമ്മന്‍ ചാണ്ടി ?

ഇടതുപക്ഷം സംസ്ഥാനത്തുണ്ടാക്കിയ വലിയ ജനകീയ മുന്നേറ്റം വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകര്‍ തന്നെയാണ് ഈ ചോദ്യവുമിപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാണ് യു.ഡി.എഫ് കാണിച്ചിരിക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍.

ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മഹാ ശൃംഖലയില്‍ പങ്കാളിയായിരുന്നു എങ്കില്‍ ഒരിക്കലും ഇടതിന് മാത്രമായി ക്രഡിറ്റ് തട്ടിയെടുക്കാന്‍ കഴിയില്ലായിരുന്നു.

എന്നാല്‍ യു.ഡി.എഫ് നേതാക്കളുടെ ധാര്‍ഷ്ട്യം യോജിപ്പിനുള്ള സാധ്യത തകര്‍ക്കുകയാണുണ്ടായത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിക്കൊപ്പം ഉപവാസമിരിക്കാന്‍ തയ്യാറായ ചെന്നിത്തല തന്നെ പിന്നീട് കാലു മാറുകയാണുണ്ടായത്. കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന പ്രതിഷേധമാണ് പിന്‍മാറ്റത്തിന് കാരണമായിരുന്നത്.

യോജിച്ച സമരം നടത്തിയാല്‍ ഇടതുപക്ഷം നേട്ടം കൊണ്ടു പോകുമെന്നായിരുന്നു അവരുടെ ഭയം.

അതീവ സെന്‍സിറ്റീവായ വിഷയത്തില്‍ പോലും സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം വച്ചു പുലര്‍ത്തിയ നിലപാടായിരുന്നു അത്.

സ്വന്തം നിലയ്ക്ക് കോണ്‍ഗ്രസ്സും ലീഗ് നേതാക്കളുമെല്ലാം നടത്തിയ സമരങ്ങളും പിന്നീട് പ്രഹസനമായി മാറുകയാണുണ്ടായത്.

സി.പി.എമ്മും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ അടുത്ത് പോലും എത്താന്‍ യു.ഡി.എഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എല്ലാ വിഭാഗങ്ങളെയും സഹകരിപ്പിച്ച് ഇടതുപക്ഷം മുന്‍ കൈ എടുത്ത് നടത്തിയ പ്രതിഷേധ റാലികളും വലിയ വിജയമായിരുന്നു. ലക്ഷങ്ങളാണ് ഈ സംഗമത്തില്‍ പങ്കെടുത്തിരുന്നത്.

മുസ്ലീം ലീഗിന്റെ ശക്തമായ വോട്ട് ബാങ്കായ ഇ കെ വിഭാഗം സുന്നികളും ഇടതുപക്ഷത്തിനൊപ്പമാണ് ഉറച്ച് നില്‍ക്കുന്നത്. ഇപ്പോള്‍ നടന്ന മനുഷ്യ മഹാ ശൃംഖലയിലും ഈ വിഭാഗങ്ങള്‍ വ്യാപകമായി പങ്കെടുത്തിട്ടുണ്ട്.

യു.ഡി.എഫ് കോട്ടകളെ പിടിച്ചുലച്ചാണ് മഹാശൃംഖല സമാപിച്ചിരിക്കുന്നത്. 80 ലക്ഷത്തോളം പേര്‍ ശൃംഖലയില്‍ കണ്ണികളായതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംഘാടകരുടെ പ്രതീക്ഷക്കും അപ്പുറമാണ്.

പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാത്തവരും ആരൊക്കെയാണെന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിപ്പോള്‍ ശരിക്കും മനസ്സിലായി കഴിഞ്ഞിട്ടുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തുണച്ച വോട്ട് ബാങ്കാണ് ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നത്.

വോട്ടിങ്ങില്‍ ഒരു ചെറിയ ശതമാനത്തിന്റെ മാറ്റം മാത്രം മതി ഭരണ തുടര്‍ച്ച പിണറായിക്ക് ഉറപ്പ് വരുത്താന്‍. അത് ഇപ്പോഴത്തെ സംഭവ വികാസത്തോടെ ഇടതുപക്ഷം ആര്‍ജിക്കുകയും ചെയ്തു കഴിഞ്ഞു.

തീവ്ര മുസ്ലീം സംഘടനകളായ എസ്.ഡി.പി.ഐ – ജമാഅത്തെ ഇസ്ലാമി എന്നിവരെ ഒഴിവാക്കിയാണ് ഇടതുപക്ഷം ജനങ്ങളെ സംഘടിപ്പിച്ചിരിക്കുന്നത്. ഇതാകട്ടെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയിലും മതിപ്പ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിതന്നെയാണ് കെ.മുരളീധരന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനിപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കെപിസിസി ഭാരവാഹിപ്പട്ടികപോലെയാണ് നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയെങ്കില്‍ ഇടതു പക്ഷത്തിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. നിലവിലെ നേതൃത്വം ഒരു പരാജയമാണെന്ന സൂചനതന്നെയാണ് ഇതുവഴി മുരളീധരന്‍ നല്‍കിയിരിക്കുന്നത്.

ഒരു മുന്നണിക്കും ഭരണ തുടര്‍ച്ച നല്‍കാത്തതാണ് കേരളത്തിന്റെ ചരിത്രം. ഇടതുപക്ഷവും യു.ഡി.എഫും തമ്മിലുള്ള വോട്ടിങ് ശതമാനം പരിശോധിച്ചാല്‍ വലിയ വ്യത്യാസമൊന്നും കാണില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മറികടക്കാന്‍ പറ്റുന്ന വ്യത്യാസം മാത്രമേ ഇരു മുന്നണികളും തമ്മിലൊള്ളു. എന്നാല്‍ പൗരത്വ നിയമ ഭേദഗതി വിഷയം ഈ കണക്ക് കൂട്ടലുകളെല്ലാം ഇപ്പോള്‍ തെറ്റിച്ചിരിക്കുകയാണ്.

യു.ഡി.എഫ് വോട്ട് ബാങ്കിലാണ് ഇടതുപക്ഷം വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. മനുഷ്യ മഹാശ്യംഖലയിലെ പങ്കാളിത്വം അതാണ് സൂചിപ്പിക്കുന്നത്. ലീഗ് – കോണ്‍ഗ്രസ്സ് ശക്തികേന്ദ്രങ്ങളില്‍ നിന്നും കൂട്ടത്തോടെയാണ് ശൃംഖലയില്‍ പങ്കെടുക്കാന്‍ ആളുകള്‍ ഒഴുകിയത്. ഇതിന്റെ വ്യാപ്തി അറിയാന്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ എന്തായാലും കാത്തിരിക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ മഹാ ശൃംഘല തീര്‍ക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനങ്ങളുടെ പള്‍സ് അറിഞ്ഞ ഒരു നീക്കം കൂടിയായിരുന്നു ഇത്.

വില്ലന്‍ ഇമേജില്‍ നിന്നുമാണ് നായകനായി പിണറായി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മുന്‍പ് വി.എസ് അച്ചുതാനന്ദനും സമാന സാഹചര്യമാണുണ്ടായിരുന്നത്.

വി.എസ് പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ ആളുകള്‍ എണീറ്റ് പോകുന്ന സാഹചര്യം വരെ ഒരു കാലത്ത് ഉണ്ടായിരുന്നു.എന്നാല്‍ സ്ത്രീപീഢനത്തിനും ഭൂമി കയ്യേറ്റത്തിനും എതിരെ മുണ്ടും മടക്കി കുത്തി ഈ കമ്യൂണിസ്റ്റ് രംഗത്തിറങ്ങിയപ്പോള്‍ ഒപ്പം ഇറങ്ങാന്‍ ജനങ്ങളുമുണ്ടായി. ജനകീയ പ്രശ്‌നങ്ങളിലെ നിരന്തരമായ ഇടപെടലാണ് വി.എസിനെ ഏറ്റവും ജനപിന്തുണയുള്ള നേതാവാക്കി മാറ്റിയിരുന്നത്.

ഇതേ പാതയിലാണ് പിണറായിയും ഇപ്പോള്‍ പോകുന്നത്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പിണറായിയാണ് ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത്. രാജ്യത്തെ മറ്റു ഏത് മുഖ്യമന്ത്രിമാരെക്കാളും ആത്മാര്‍ത്ഥതമായ ഇടപെടലായിരുന്നു അത്. നിലപാടിലെ കാര്‍ക്കശ്യം വില്ലനാക്കിയ പിണറായിയെ നായകനായി കാണാന്‍ നല്ലൊരു വിഭാഗത്തെയും പ്രേരിപ്പിച്ചതിന്റെ കാരണവും അതുതന്നെയാണ്.

യു.ഡി.എഫ് സര്‍ക്കാറിനെ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയുമടക്കമുള്ള ജാതി – മത ശക്തികളാണ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഈ സര്‍ക്കാറിന്റെ പരിസരത്ത് പോലും വരാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ മിടുക്കനായ വെള്ളാപ്പള്ളിയും നിലവില്‍ സൈലന്റാണ്. പിണറായിയുടെ ‘കരുണയില്‍’ മാത്രമാണ് അദ്ദേഹം ഇപ്പോള്‍ നിലനില്‍ക്കുന്നത് തന്നെ.

ഭരണ സിരാ കേന്ദ്രത്തെ പൂരപ്പറമ്പാക്കി മാറ്റുന്ന ഖദര്‍ ധാരികള്‍ ഒഴിഞ്ഞതോടെ സെക്രട്ടറിയേറ്റും ശാന്തമാണ്. ഇടനിലക്കാരുടെ ഇടപെടലുകളാണ് പിണറായി സര്‍ക്കാര്‍ മുറിച്ച് മാറ്റിയിരിക്കുന്നത്. പ്രളയവും, നിപ്പയും വന്നപ്പോള്‍ ഈ ഭരണാധികാരിയുടെ ജാഗ്രതാപരമായ ഇടപെടലുകളും കേരളം കണ്ടു. ഇടതുപക്ഷത്തിന് പുറത്തുള്ള ജനവിഭാഗത്തെ പിണറായിക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞത് ഇത്തരം ഇടപെടലുകള്‍ മൂലമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാറിന്റെ ചെറിയ വീഴ്ചകള്‍ ജനങ്ങളിപ്പോള്‍ പൊറുക്കുകയും ചെയ്യുന്നുണ്ട്.

യു.ഡി.എഫിന്, പിണറായിക്ക് ബദല്‍ ചൂണ്ടിക്കാണിക്കാന്‍ ജനകീയനായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും നിലവിലില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ ചാണ്ടിയും ഇപ്പോള്‍ സജീവമല്ല.

മുഖ്യമന്ത്രി കുപ്പായം തുന്നിയിരിക്കുന്ന രമേശ് ചെന്നിത്തലയാവട്ടെ വലിയ ഒരു പരാജയവുമാണ്. വി.എസ് ശോഭിച്ച കസേരക്ക് തന്നെ അപമാനമാണിപ്പോള്‍ ചെന്നിത്തല. കുറുക്കു വഴിയിലൂടെ ജനസമ്മതി ലഭിക്കാനുള്ള അദ്ദേഹത്തിന്റെ എല്ലാ അടവുകളും പാളുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി കസേര നോട്ടമിടുന്ന എ.കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ , കെ.സി വേണുഗോപാല്‍ എന്നിവരെയൊന്നും പിണറായിയുമായി താരതമ്യം ചെയ്യാന്‍ കഴിയുകയുമില്ല.

നേതൃരംഗത്തെ ഈ വെല്ലുവിളിയും തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വെട്ടിലാക്കും.

അതേസമയം, ഭരണ തുടര്‍ച്ച ഇടതുപക്ഷത്തിന് ലഭിച്ചാല്‍ പിന്നെ ഭരണം കണി കാണാന്‍ കിട്ടില്ലന്ന ആശങ്കയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം. ഘടകകക്ഷികള്‍ തന്നെ അത്തരമൊരു സാഹചര്യത്തില്‍ കൈവിട്ട് പോകുമെന്നാണ് വിലയിരുത്തല്‍.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പരാജയമായതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് യു.ഡി.എഫ് അണികളും ചൂണ്ടിക്കാട്ടുന്നത്.

സിപിഎമ്മാകട്ടെ 2021 ല്‍ ചുവപ്പിന് അനുകൂലമായ ഒരു തരംഗമാണ് പ്രതീക്ഷിക്കുന്നത്. കെ. മുരളീധരന്റെ തുറന്ന് പറച്ചില്‍ തന്നെ പരാജയഭീതി കൊണ്ടാണെന്നാണ് ചെമ്പടയുടെ വാദം.

Politial Reporter

Top