മനുഷ്യ മഹാ ശൃംഖലയിൽ തെറിച്ചത് യു.ഡി.എഫ് വിക്കറ്റ്, ഞെട്ടി നേതൃത്വം

രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തിരുത്തുന്ന ഒരു ജനകീയ മുന്നേറ്റമാണ് മനുഷ്യ മഹാ ശൃംഖലയിലൂടെ ഇടതുപക്ഷം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

മനുഷ്യശൃംഖല എന്നത് മനുഷ്യസാഗരമായാണ് മിക്കയിടത്തും മാറിയിട്ടുള്ളത്. ദേശീയപാതയില്‍ കൈകോര്‍ത്ത് നിന്നവര്‍ പിന്നീട് മനുഷ്യമതിലായും ഇതിനു ശേഷം മനുഷ്യസാഗരമായും രൂപാന്തരപ്പെടുകയാണുണ്ടായത്.

70 ലക്ഷത്തോളം പേരാണ് പങ്കെടുക്കുക എന്നാണ് സി.പി.എം നേതാക്കള്‍ പോലും കരുതിയിരുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ ആളുകളാണിപ്പോള്‍ ശൃംഖലയുടെ ഭാഗമായി മാറിയിരിക്കുന്നത്.

കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ 700 കിലോമീറ്ററിലായിരുന്നു ഒറ്റമനസ്സോടെ ജനങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് അണിനിരന്നിരുന്നത്. ജാതി – മത – വര്‍ഗ്ഗ ഭേദമന്യേയായിരുന്നു ഈ മഹാശൃംഖല.

സംഘാടകരുടെ പോലും സകല കണക്കുകൂട്ടലുകളും തെറ്റിച്ച ജനമുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെയുള്ള കേരളത്തിന്റെ താക്കീതായാണ് അക്ഷരാര്‍ത്ഥത്തില്‍ മഹാശൃംഖല മാറിയിരിക്കുന്നത്.

സാധാരണ ഇടതുപക്ഷം സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ നിന്നും, പങ്കാളിത്വത്തിന്റെ കാര്യത്തില്‍ തികച്ചും വ്യത്യസ്തമായിരുന്നു മഹാശൃംഖല. സ്ത്രീകളും കുട്ടികളും മുതല്‍ വൃദ്ധര്‍ വരെ അണിനിരന്ന ശൃംഖലയില്‍ ചലച്ചിത്ര – സാംസ്‌കാരിക പ്രവര്‍ത്തകരും മതമേലധ്യക്ഷന്‍മാരും ഉള്‍പ്പെടെ പങ്കെടുക്കുകയുണ്ടായി.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ വര്‍ദ്ധിച്ച പങ്കാളിത്വം ആ സമുദായത്തിന്റെ ആശങ്ക വ്യക്തമാക്കുന്നതായിരുന്നു.

മുസ്ലീം ലീഗിന്റെ കോട്ടകളില്‍ നിന്നും കൂട്ടത്തോടെയാണ് ജനങ്ങള്‍ ശൃംഖലയുടെ ഭാഗമാകാന്‍ ഇറങ്ങിയിരുന്നത്. മലബാറിലെ ജില്ലകളിലാണ് ഇത് ശരിക്കും പ്രകടമായിരിക്കുന്നത്.

മഹാശൃംഖലയില്‍ നിന്നും മാറി നിന്നത് മഹാ അബദ്ധമായി പോയി എന്ന് ലീഗ് നേതാക്കള്‍ക്കും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും തോന്നിപ്പോയ നിമിഷം കൂടിയായിരുന്നു അത്.

സ്വന്തം വോട്ട് ബാങ്കിലാണ് വിള്ളല്‍ വീണിരിക്കുന്നതെന്ന് വൈകിയെങ്കിലും ചില യു.ഡി.എഫ് നേതാക്കള്‍ക്കെങ്കിലും ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്.

മതനിരപേക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് അതില്‍ നിന്നും മാറി നിന്നതാണ് യു.ഡി.എഫിന് തിരിച്ചടിയായിരിക്കുന്നത്. അവരുടെ അണികളുടെ പ്രതികരണത്തില്‍ നിന്നു തന്നെ ഇതിലുള്ള രോക്ഷവും വ്യക്തമാണ്.

രാജ്യത്തെ ഒരു സംസ്ഥാനവും ഇത്ര ശക്തമായ ഒരു പ്രതിഷേധം ഇതുവരെയും സംഘടിപ്പിച്ചിട്ടില്ല. രാജ്യം ഭരിക്കുന്ന കേഡര്‍ പാര്‍ട്ടിയായ ബി.ജെ.പി പോലും ഒരു കാലത്തും ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നിട്ടില്ല.

ഒരു കണ്ണി പോലും പൊട്ടാതെ ഒരു സംസ്ഥാനത്തെ തോളോടു തോള്‍ ചേര്‍ന്നു നിന്നു കൊണ്ട് അളക്കുക എന്നു പറഞ്ഞാല്‍ അത് അതിസാഹസികം തന്നെയാണ്. പലരും മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും ദൂരം, അതും മാസായി സംഘടിപ്പിച്ചത് ഇടതുപക്ഷം മാത്രമാണ്.

ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നിവ ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്താണ് പിരിഞ്ഞ് പോയത്. 80 ലക്ഷത്തോളം പേര്‍ ഭരണഘടനയുടെ ആമുഖം ഒരേ സമയം വായിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇന്ത്യയില്‍ എന്നല്ല ഒരു രാജ്യത്തും ഇത്തരമൊരു സംഭവം നടന്നിട്ടില്ല. ലക്ഷക്കണക്കിന് പേര്‍ ചാനലുകളിലൂടെ ലൈവായും ഈ ശൃംഖല ഇതിനകം വീക്ഷിച്ചിട്ടുണ്ട്. അതില്‍ ഇന്ദ്രപ്രസ്ഥത്തിലെ കേന്ദ്ര മന്ത്രിമാര്‍ മുതല്‍ പ്രധാനമന്ത്രി വരെ പെടും. ചരിത്രപരമായി തങ്ങള്‍ക്ക് പറ്റിയ വിഡ്ഢിത്തം വിലയിരുത്താന്‍ കോണ്‍ഗ്രസ്സ് ആസ്ഥാനത്തും ലൈവായാണ് നേതാക്കള്‍ ദൃശ്യങ്ങള്‍ നോക്കി കണ്ടിരുന്നത്. നാഷണല്‍ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് മഹാ ശൃംഖലക്ക് നല്‍കിയിരിക്കുന്നത്.

പൗരത്വ ഭേദഗതി വിഷയത്തില്‍ തുടക്കം മുതല്‍ രാജ്യത്ത് മാതൃകാപരമായ നിലപാട് സ്വീകരിച്ചത് കേരളത്തിലെ പിണറായി സര്‍ക്കാറാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതും സുപ്രീം കോടതിയെ സമീപിച്ചതും അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ സംഭവമാണ്.

ഇതിനു ചുവട് പിടിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന് പോലും തങ്ങള്‍ ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെങ്കിലും പ്രമേയം പാസാക്കേണ്ടി വന്നിരിക്കുന്നത്.

ഗവര്‍ണ്ണറുടെ ഭീഷണിയെ പോലും അവഗണിച്ചാണ് പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്. സര്‍ക്കാറിനെ പിരിച്ചു വിട്ടാലും വേണ്ടില്ല, നിലപാട് തിരുത്തില്ലന്നതാണ് സി.പി.എമ്മിന്റെയും പ്രഖ്യാപിത നിലപാട്. ഇങ്ങനെ ചങ്കുറപ്പുള്ള ഒരു നിലപാട് സ്വീകരിക്കാന്‍ വീരശൂര പരാക്രമിയെന്ന് അവകാശപ്പെടുന്ന ബംഗാള്‍ മുഖ്യമന്ത്രിക്ക് പോലും കഴിഞ്ഞിട്ടില്ല. സ്വന്തം സംസ്ഥാനത്ത് നിയമസഭയില്‍ ഒരു പ്രമേയം പോലും അവതരിപ്പിക്കാന്‍ മമത ബാനര്‍ജി ഇതുവരെയും തയ്യാറായിട്ടില്ല.

മമതയെ വിശ്വസിച്ച മത ന്യൂനപക്ഷങ്ങള്‍ക്ക് പുനര്‍വിചിന്തനത്തിന് അവസരം നല്‍കുന്നതാണ് ഈ നിലപാട്. മമതയുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ ബംഗാളിലെ സി.പി.എമ്മും ശക്തമായി തന്നെ രംഗത്ത് വന്നിട്ടുണ്ട്.

ഇടതുപക്ഷ കേരളം സൃഷ്ടിക്കുന്ന മഹാപ്രതിരോധത്തിന്റെ വാര്‍ത്തകള്‍ ബംഗാള്‍ മാധ്യമങ്ങളിലും നിറഞ്ഞു കഴിഞ്ഞു. മമതയെ ഏറെ അസ്വസ്ഥപ്പെടുത്തുന്ന ജനമുന്നേറ്റമായി കൂടിയാണ് മഹാശൃംഖല ഇപ്പോള്‍ മാറിയിരിക്കുന്നത്.

ഇത് ഒരു തവണയല്ല, നിരവധി തവണ കേരളത്തെ ഇങ്ങനെ അളന്ന് കരുത്ത് കാണിച്ചു കൊടുത്തവരാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍.

1987ലാണ് ചരിത്രത്തില്‍ ആദ്യമായി കേരളത്തെ മനുഷ്യചങ്ങലയിലൂടെ ഡി.വൈ.എഫ്.ഐ അളന്നിരുന്നത്.

അന്ന് അണിചേരാന്‍ ഇടം കിട്ടാത്തവര്‍ പലയിടത്തും സമാന്തര ചങ്ങല തീര്‍ത്തപ്പോള്‍ മനുഷ്യച്ചങ്ങല മനുഷ്യമതിലായി മാറുകയാണുണ്ടായത്.

ഭീകരാക്രമണങ്ങളും വിഘടന വാദവും വര്‍ഗ്ഗീയ കലാപങ്ങളും വെല്ലുവിളിയായ ഘട്ടത്തിലാണ് 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡി.വൈ.എഫ്.ഐ ഇത്തരത്തില്‍ ഒരു ഐക്യത്തിന്റെ ചങ്ങല തീര്‍ത്തിരുന്നത്.693 കിലോമീറ്ററില്‍ അന്ന് തീര്‍ത്ത മനുഷ്യച്ചങ്ങല ലോക ചരിത്രത്തില്‍ തന്നെ അവിസ്മരണീയമായ മുഹൂര്‍ത്തമാണ് സൃഷ്ടിച്ചിരുന്നത്.

87ലെ മനുഷ്യച്ചങ്ങലയില്‍ നേരിട്ട് കണ്ണിചേര്‍ന്നവരുടെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുടെയും പട്ടികയ്ക്ക് പോലും മനുഷ്യച്ചങ്ങലയോളം നീളമുണ്ടായിരുന്നു. അത് ഡിവൈഎഫ്‌ഐ ഉയര്‍ത്തിയ മുദ്രാവാക്യം നാട് ഏറ്റെടുത്തതിന്റെ ദൃഷ്ടാന്തം കൂടിയായിരുന്നു. അന്ന് മനുഷ്യച്ചങ്ങലയെ എതിര്‍ത്തവരില്‍ പ്രമുഖന്‍ മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ എം മാത്യു ആയിരുന്നു.

മനുഷ്യച്ചങ്ങല തീര്‍ക്കാനുള്ള ഡിവൈഎഫ്‌ഐയുടെ തീരുമാനത്തെ രാഷ്ട്രീയ സ്റ്റണ്ടാണെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. കേരളത്തിലെ ഗവണ്‍മെന്റ് നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കണ്ടുപിടിച്ചതാണ് ഈ പരിപാടി എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

‘കലാപങ്ങളില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുകയാണ്. ജനശ്രദ്ധതിരിച്ചുവിടാനുള്ള രാഷ്ട്രീയ സ്റ്റണ്ടാണിതെന്ന് പറയുന്നത് ഡിവൈഎഫ്‌ഐയോടുള്ള ശത്രുത കൊണ്ടുമാത്രമല്ലെ’ എന്ന ചോദ്യത്തിന് – എനിക്ക് എന്റെ രാഷ്ട്രീയ വീക്ഷണമുണ്ട്. എന്തായാലും ഇന്ത്യയിലെ പൊതുവിലുള്ള സ്ഥിതിയുടെ അത്ര ഗുരുതരമൊന്നുമല്ല ഇന്ന് കേരളം നേരിടുന്ന പ്രശ്‌നങ്ങളെന്നായിരുന്നു കെ എം മാത്യു മറുപടി നല്‍കിയിരുന്നത്.

‘എനിക്ക് എന്റെ രാഷ്ട്രീയത്തിലൂടെ മാത്രമെ കാര്യങ്ങളെ കാണാന്‍ കഴിയൂ. കോണ്‍ഗ്രസില്‍ തനിക്ക് അംഗത്വമൊന്നുമില്ല- എങ്കിലും ഞാന്‍ കോണ്‍ഗ്രസാണ്’ ഇങ്ങനെയായിരുന്നു കെ എം മാത്യു കൂടുതലായി നല്‍കിയ വിശദീകരണം.

ഇതൊരു പുതിയ ചിന്താധാരയുടെ തുടക്കമാണെന്നാണ് എക്‌സ്പ്രസ് മാനേജിങ് എഡിറ്റര്‍ കെ ബാലകൃഷ്ണന്‍ ഡിവൈഎഫ്‌ഐയുടെ ഉദ്ദ്യമത്തെ വിശേഷിപ്പിച്ചിരുന്നത്.

മനുഷ്യച്ചങ്ങല പോലുള്ള പ്രചാരണമാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്നാണ് ജനയുഗം പത്രാധിപര്‍ തോപ്പില്‍ ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നത്.

ഡി.വൈ.എഫ്.ഐ യുടെയും സി.പി.എമ്മിന്റെയും കരുത്ത് ഏറെ വര്‍ദ്ധിപ്പിക്കാനും 87ലെ മനുഷ്യച്ചങ്ങല ഏറെ സഹായകരമായിട്ടുണ്ട്. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലും ഉണ്ടായിരിക്കുന്നത്.

സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വലിയ രൂപത്തില്‍ വര്‍ദ്ധിപ്പിക്കാനാണ് മനുഷ്യ മഹാ ശൃംഖലയും കാരണമായിരിക്കുന്നത്.

2021-ല്‍ മുഖ്യമന്ത്രിയാവാന്‍ കുപ്പായം തുന്നി ഇരിക്കുന്ന ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ വലിയ ഒരു റെഡ് സിഗ്‌നലാണിത്.

യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കാണ് ഉലഞ്ഞിരിക്കുന്നത്. ആപത്ത് കാലത്ത് ‘കൈ’ വിട്ടവരോട് ഗുഡ് ബൈ പറഞ്ഞാണ് നല്ലൊരു വിഭാഗമിപ്പോള്‍ ചുവപ്പിന്റെ കൈ പിടിച്ചിരിക്കുന്നത്.

കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ അതിന്റെ പ്രതിഫലനവും വ്യക്തമായി കഴിഞ്ഞു.ഇനി അറിയാനുള്ളത് വോട്ടിങ്ങില്‍ മാത്രമാണ്. അവിടെയും മത ന്യൂനപക്ഷങ്ങള്‍ കൈവിട്ടാല്‍ 2021 ലും ഗാലറിയിലിരുന്ന് യു.ഡി.എഫ് നേതാക്കള്‍ക്ക് ‘കളി’ കാണേണ്ടി വരും.

Political Reporter

Top