ഇടുക്കിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍; വ്യാപാരി വ്യവസായി സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍

ല്‍ഡിഎഫ് ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഇടുക്കിയില്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. സിപിഐഎം-ഗവര്‍ണര്‍ പോരിനിടെയാണ് കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായി ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത്. അതേസമയം വേണ്ടിവന്നാല്‍ ഗവര്‍ണറുടെ പരിപാടിക്ക് സംരക്ഷണം നല്‍കുമെന്ന നിലപാടിലാണ് യുഡിഎഫ്. വ്യാപാരികളെ സിപിഐഎം ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിയത്.

ഭൂ-പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവെക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് രാജ്ഭവന്‍ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ ദിവസം ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഗവര്‍ണറുടെ നടപടി ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഐഎം ആരോപിക്കുന്നു.

Top