കര്‍ഷക സമരത്തിന് പിന്തുണ, കേരളത്തില്‍ തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍; വിജയരാഘവന്‍

തിരുവനന്തപുരം: സെപ്തംബര്‍ 27 ന് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ നല്‍കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ . ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹര്‍ത്താലിന്റെ ആവശ്യം ന്യായമാണെന്ന് വിജയരാഘവന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ജനജീവിതം ദുരിതത്തിലാക്കി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ഹര്‍ത്താലിലൂടെ ചെയ്യുന്നത്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

‘ കര്‍ഷക സമരത്തിന് ഇടതുമുന്നണി ഐക്യദാര്‍ഢ്യം നല്‍കുന്നു. സമരം വിജയിപ്പിക്കുന്നതിനായി ഐക്യദാര്‍ഢ്യ കൂട്ടായ്മകള്‍ നടത്തും. കര്‍ഷകരുടെ ആവശ്യം ന്യായമാണ്, അതിനെ പിന്തുണക്കേണ്ടതുണ്ട്. ഈയൊരു സമരം കൊണ്ട് കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം തകരുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ സാധാരണ പരീക്ഷ മാറ്റിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിഷപ്പിന്റെ നാര്‍കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ ദുരുദ്ദേശമില്ലെന്ന തന്റെ മുന്‍ നിലപാട് തിരുത്തിയ അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എല്‍ഡിഎഫിന്റേതെന്നും വ്യക്തമാക്കി.

Top