ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്ന് മുതല്‍, 62 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ന് ഒന്നാം തീയതിയായതിനാല്‍ മദ്യശാലകള്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. മുമ്പ് പൂട്ടിയ ബാറുകളില്‍ 62 എണ്ണത്തിന് ഇതിനോടകം പ്രവര്‍ത്തനാനുമതി നല്‍കി. ബാക്കി അപേക്ഷകര്‍ക്ക് വരും ദിവസങ്ങളില്‍ ലൈസന്‍സ് നല്കും.

29 ബാറുകള്‍ക്ക് വെള്ളിയാഴ്ച മാത്രം ലൈസന്‍സ് അനുവദിച്ചു. 24 പഞ്ചനക്ഷത്രബാറുകളാണ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുപുറമെ ആലപ്പുഴയില്‍ ഒരെണ്ണത്തിനുകൂടി വെള്ളിയാഴ്ച ലൈസന്‍സ് അനുവദിച്ചു.

കൂടുതല്‍ ലൈസന്‍സ് എറണാകുളം ജില്ലയിലാണ് അനുവദിച്ചത്. തിരുവനന്തപുരം തൊട്ടുപിന്നില്‍. ഇതോടൊപ്പം ഒട്ടേറെ ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്കി. സംസ്ഥാനത്ത് മൊത്തത്തില്‍ നാല്പത് ഹോട്ടലുകള്‍ നക്ഷത്രപദവിയുടെ ലൈസന്‍സ് പുതുക്കിയിട്ടില്ല. ഇവരെല്ലാം പദവിപുതുക്കാന്‍ പിഴസഹിതം അപേക്ഷ നല്‍കിയിരിക്കുകയാണ്. പദവി പുനഃസ്ഥാപിച്ചുകിട്ടുന്നതോടെ ബാര്‍ ലൈസന്‍സ് ലഭിക്കും.

ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കള്ളുഷാപ്പുകളുടെ ലൈസന്‍സ് ഒമ്പതുമാസത്തേക്കുകൂടി നീട്ടിനല്‍കിയിട്ടുണ്ട്. അതും ശനിയാഴ്ച പ്രാബല്യത്തിലാകും. ആകെയുള്ള 5185 ഷാപ്പുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 3913 ഷാപ്പുകളുടെ ലൈസന്‍സാണ് പുതുക്കിനല്‍കിയത്.

Top