ജനങ്ങള്‍ക്ക് നല്ലോണം ഉണ്ണാം; വിലക്കുറവില്‍ സാധനങ്ങള്‍ എത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി നല്ല ഓണം ഉണ്ണുവാനുള്ള അവസരം ഒരുക്കുമെന്ന വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ഭരണം തുടങ്ങി 3വര്‍ഷം പിന്നിടുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയില്ലെന്നുമാത്രമല്ല, പലതിനും വില കുറയ്ക്കാനുമായി. 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോഴുള്ള വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഈ ഓണക്കാലത്ത് സപ്ലൈകോ വഴി സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.


സപ്ലൈകോ വഴിയുള്ള ചെറുപയര്‍, കടല, തുവരപ്പരിപ്പ് എന്നിവയുടെ വില ജനുവരിയില്‍ 25 മുതല്‍ 30 ശതമാനം വരെ കുറച്ചിരുന്നു. നാഫെഡ് വഴി നേരിട്ട് വാങ്ങി സംഭരിച്ചതിലൂടെയാണ് വില കുറയ്ക്കാനായത്. സബ്‌സിഡി സാധനങ്ങള്‍ മാസം ഒരുകിലോ വീതമാണ് നല്‍കിയിരുന്നത്. ചെറുപയറും കടലയും തുവരപ്പരിപ്പും കാര്‍ഡിന് പ്രതിമാസം രണ്ട് കിലോയാക്കി. പൊതുവിപണിയിലെ അരിവില ഉയര്‍ന്നപ്പോള്‍ അത് കുറയ്ക്കാനും സര്‍ക്കാരിനായി. കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ വ്യാപകമായി സഹകരണ അരിക്കടകള്‍ വഴിയായിരുന്നു ഇത്. നെല്ല് കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാന്‍ നെല്ല് സംഭരണം കാര്യക്ഷമമാക്കി.

മലയാളികള്‍ക്ക് നല്ല ഓണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ഇത്തവണയും ചെയ്യുന്നത്. ഇതിനായി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കിയിട്ടുണ്ട്. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകള്‍ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്കറ്റുകളും സ്പെഷ്യല്‍ മിനി ഫെയറുകളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ഈ ഓണചന്തകളില്‍ ലഭ്യമാണ്.

Top