തൊട്ടതെല്ലാം ‘കുളമാക്കി’ ചെന്നിത്തല, 2021 യു.ഡി.എഫിന് വെല്ലുവിളിയാകും

തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ മാത്രം ഒരു ജന്മം, അതാണിപ്പോള്‍ രമേശ് ചെന്നിത്തല. ഈ പ്രതിപക്ഷ നേതാവിന്റെ കഴിവുകേടില്‍ തട്ടി ഉലയുകയാണിപ്പോള്‍ കേരളത്തിലെ പ്രതിപക്ഷം. കൊറോണ എന്ന ‘മഹാമാരി’യിലെ അവരുടെ നിലപാടും തിരിച്ചടിച്ചു കഴിഞ്ഞു. ശക്തമായ പ്രതിഷേധമാണ് രമേശ് ചെന്നിത്തലക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്.

‘മീഡിയാ മാനിയ’യുടെ ഉല്‍പ്പന്നമായ ചെന്നിത്തല, ആരോഗ്യ മന്ത്രിയില്‍ മീഡിയാ മാനിയ ആരോപിച്ചതാണിപ്പോള്‍, അദ്ദേഹത്തിന് തന്നെ വിനയായിരിക്കുന്നത്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ ഫലപ്രദമായി ഒരു പ്രതിഷേധവും ഉയര്‍ത്തി കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. എം.എല്‍.എമാര്‍ ഉള്‍പ്പെടെ നടത്തിയ ചില സമരങ്ങളാകട്ടെ, നാണം കെട്ട് അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്.

സി.എ.എ വിഷയത്തില്‍ കോണ്‍ഗ്രസ്സ് എടുത്ത നിലപാട് അവരുടെ ഘടകകക്ഷികളെ കുടിയാണ് കുഴപ്പത്തിലാക്കിയിരുന്നത്.

സര്‍ക്കാറുമായി യോജിച്ച സമരത്തില്‍ നിന്നുമാണ് കോണ്‍ഗ്രസ്സ് പിന്‍മാറിയിരുന്നത്. ഇതേ പാത യു.ഡി.എഫിലെ മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കും പിന്തുടരേണ്ടി വന്നിരുന്നു.

മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കായ സമസ്തയുടെ നിലപാട് പോലും തളളിയായിരുന്നു ഈ നീക്കം.

എന്നാല്‍ തന്ത്രപരമായ നീക്കത്തിലൂടെ സി.എ.എ വിരുദ്ധ പോരാട്ടത്തിന്റെ കടിഞ്ഞാണ്‍ ഇടതുപക്ഷമാണ് കൈക്കലാക്കിയിരുന്നത്.

70 ലക്ഷത്തോളം പേരെ ഒറ്റയടിക്ക് റോഡിലിറക്കി കേരളത്തെ അളന്നാണ് ചെമ്പട യു.ഡി.എഫിനെയും ഞെട്ടിച്ചത്.

സി.എ.എക്ക് എതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത പ്രതിഷേധവും ഇതുതന്നെയായിരുന്നു.

നിയമസഭയില്‍ പ്രമേയം കൂടി അവതരിപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി ദേശീയ തലത്തിലും ഹീറോയായി.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുള്‍പ്പെടെ, സി.എ.എയ്ക്ക് എതിരെ പ്രമേയം അവതരിപ്പിക്കാന്‍ പോലും, പിണറായിയുടെ കത്ത് ലഭിക്കേണ്ട സാഹചര്യവും ഉണ്ടായി.

ഇപ്പോഴും ഈ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാത്ത സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സ് ഭരണത്തിലുണ്ടെന്നതും നാം മറന്നു പോകരുത്. പ്രക്ഷോഭരംഗത്തും കോണ്‍ഗ്രസ്സ് നോക്കുകുത്തിയായിരുന്നു. ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ മാത്രം നടത്തി ഹൈക്കമാന്റ് പോലും സ്വയം ഒതുങ്ങി പോകുകയാണുണ്ടായത്.

പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ്സിലെ ഭിന്നത തുറന്നു കാട്ടുന്നതാണ് ഈ പിറകോട്ട് പോക്ക്. പാര്‍ട്ടി അദ്ധ്യക്ഷ എന്ന നിലയില്‍ സോണിയ ഗാന്ധിയും ഇന്നൊരു വലിയ പരാജയമാണ്.

വയനാട്ടില്‍ നിന്നും ലോകസഭയിലെത്തിയ രാഹുല്‍ ഗാന്ധിയാകട്ടെ നിലവില്‍ രാഷ്ട്രീയ നിരാശയിലുമാണ്. കേവലം വയനാട് എം.പി എന്ന നിലയില്‍ മാത്രമായി അദ്ദേഹവും ഒതുങ്ങി കഴിഞ്ഞു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും നേടാന്‍ യു.ഡി.എഫിനെ സഹായിച്ചത് രാഹുലിന്റെ വയനാട്ടിലെ സാന്നിധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ സ്ഥിതി അതല്ല.

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കോട്ടകളായ പാല, വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടിയത് ഇടതുപക്ഷമാണ്.

കൊറോണ വൈറസിനെ തുരത്തിയാല്‍ ഉടന്‍, ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും.

ഈ രണ്ട് ഇടതുപക്ഷ മണ്ഡലങ്ങളില്‍ ഒന്നിലെങ്കിലും ഒരു വിജയം നേടാന്‍ കഴിഞ്ഞില്ലങ്കില്‍ യു.ഡി.എഫ് വലിയ പ്രതിസന്ധിയിലേക്കാണ് പോകുക. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്.

ഇനിയൊരു തിരിച്ചടി ഉണ്ടായാല്‍ കേരളം എന്നെന്നേക്കുമായി കൈവിട്ടു പോകുമെന്ന ആശങ്ക മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കിടയിലും ശക്തമാണ്.

അതേസമയം, കേന്ദ്രത്തിനെതിരായ നിലപാടിനൊപ്പം തന്നെ,ജനകീയ പദ്ധതികള്‍ നടപ്പാക്കിയാണ് ഇടതുപക്ഷം അടിത്തറ വിപുലമാക്കിയിരിക്കുന്നത്. ഇതു തന്നെയാണ് ചുവപ്പിന്റെ പ്രധാന തുറുപ്പു ചീട്ടും.

സംഘടനാപരമായും ഇടതുസംഘടനകള്‍ തന്നെയാണ് കൂടുതല്‍ കരുത്തര്‍. സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളുടെ വളര്‍ച്ചയും അതാണ് സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടന മുതല്‍ തൊഴിലാളി സംഘടനകള്‍ വരെ ഏറെ നിഷ്‌ക്രിയമാണ്. നാട് ശ്രദ്ധിക്കുന്ന ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാന്‍ ഇവര്‍ക്കാര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

സി.എ.എ വിഷയത്തില്‍ ആദ്യം തന്നെ തെരുവിലിറങ്ങിയത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. കേരളത്തിലെ കാമ്പസുകള്‍ മുതല്‍ ഡല്‍ഹി ജെ.എന്‍.യു കാമ്പസ് വരെ, പ്രതിഷേധ തീ പടര്‍ത്തിയത് ഈ സംഘടനയാണ്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ ഐഷേ ഘോഷിന് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യവും രാജ്യത്തുണ്ടായി.

ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിലും ഇടതുപക്ഷ സംഘടനകളാണ് ശക്തമായി പ്രതികരിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവിടെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റേയും പൊടിപോലും കണ്ടിരുന്നില്ല.

ഡല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപം അരങ്ങേറിയപ്പോള്‍, സാന്ത്വനവും സഹായവുമായി എത്തിയവരിലും ഇടതു നേതാക്കളാണ് മുന്നിലുണ്ടായിരുന്നത്.

മുസ്ലീം ലീഗ് പോലും അന്തം വിട്ട് നിന്നടത്ത് ആദ്യഘട്ട സഹായ ധനം കൈമാറിയത് സി.പി.എമ്മാണ്.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പിരിവ് നടത്തി ഡല്‍ഹിയിലെ ദുരിതബാധിതരെ സഹായിക്കാനും സി.പി.എം സജീവമായി രംഗത്തുണ്ട്. ഒരു എം.എല്‍.എ പോലും ഇല്ലാത്ത സംസ്ഥാനത്താണ് ചെമ്പടയുടെ ഈ ഇടപെടല്‍ എന്നതും നാം ഓര്‍ക്കണം.

കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഡല്‍ഹിയില്‍ പോലും തികഞ്ഞ പരാജയമായി മാറിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷോ നടത്താന്‍ പേരിന് ഒരു സന്ദര്‍ശനം മാത്രമാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് കലാപ ബാധിത പ്രദേശങ്ങളില്‍ നടത്തിയിരിക്കുന്നത്.

രാജ്യ തലസ്ഥാനത്തെ ഈ കാഴ്ചകള്‍ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതു തന്നെയാണ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരെയും ഭയപ്പെടുത്തുന്നത്.

മുഖ്യമന്ത്രി പിണറായി മാത്രമല്ല, സംസ്ഥാനത്തെ മറ്റു മന്ത്രിമാരും പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതും യു.ഡി.എഫിനെ അലട്ടുന്ന കാര്യമാണ്.

മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം നല്‍കി ജോലി നല്‍കിയത് അടുത്തയിടെയാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ചരിത്രപരമായ ഈ തീരുമാനം പുറം ലോകത്തെ അറിയിച്ചത്. അവര്‍ണ്ണര്‍ക്കു വേണ്ടി പോരാടിയ കമ്യൂണിസ്റ്റുകള്‍ തന്നെയാണ് ഇവിടെ ‘ഇല്ലത്തെ ഇല്ലായ്മയും’ തിരിച്ചറിഞ്ഞിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടു ലക്ഷത്തില്‍ പരം വീടുകളാണ് ഭവനരഹിതര്‍ക്കായി പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവാദത്തിന്റെ മുനയൊടിക്കുന്ന കണക്കുകളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

നിപാ കാലത്തും പ്രളയസമയത്തും സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവും കേരളം അനുഭവിച്ചറിഞ്ഞതാണ്.

ഏറ്റവും ഒടുവില്‍ കൊറോണ വൈറസിനെ നേരിടുന്നതിലും കേരളം മാതൃകയായിരിക്കുകയാണ്.

ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ വാക്കുകള്‍ക്ക് ലോകം ചെവികൊടുക്കുന്നതും പ്രതിപക്ഷത്തിന്റെ അരിശം വര്‍ധിപ്പിക്കുന്നുണ്ട്. അതാണ് ‘മീഡിയ മാനിയ’ പ്രയോഗത്തിലൂടെ ചെന്നിത്തല ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

മാസ് മറുപടിയാണ് ഈ പ്രയോഗത്തിന് ചെന്നിത്തലക്ക് നിലവില്‍ കിട്ടി കൊണ്ടിരിക്കുന്നത്. ‘മീഡിയ മാനിയ’ ബാധിച്ച് ചെന്നിത്തല മുന്‍പ് കാട്ടി കൂട്ടിയ കോപ്രായങ്ങളെല്ലാം പുറത്തിട്ടാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നത്.

തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ ചെന്നിത്തലക്ക് ഇനിയും എത്ര നാള്‍ എന്ന ചോദ്യം മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വീണാല്‍, പ്രതിപക്ഷ നേതാവിന്റെ കസേരയേയും അത് ഇളക്കും. ഇപ്പോള്‍ തന്നെ ചെന്നിത്തലയെ മാറ്റണമെന്ന നിലപാടിനാണ് യു.ഡി.എഫില്‍ മുന്‍തൂക്കം. ആ ഒരവസരത്തിനായാണ് നേതാക്കളില്‍ പലരും കാത്തിരിക്കുന്നത്.


ഈ പോക്കു പോയാല്‍ കോണ്‍ഗ്രസ്സിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയെ ചരിത്രം രേഖപ്പെടുത്തുന്ന കാലവും ഇനി വിദൂരമല്ല.

Political Reporter

Top